കുടുംബശ്രീ യൂനിറ്റിലെ അഴിമതി: കോർപറേഷന് മുന്നിൽ രാപകൽ സമരം; അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ സംഘര്‍ഷം
text_fieldsകൊല്ലം: കോര്‍പറേഷൻ ആലാട്ടുകാവ് ഡിവിഷനിലെ പൊന്‍പുലരി കുടുംബശ്രീ യൂനിറ്റില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ യൂനിറ്റിലെ നാല് സ്ത്രീകള്‍ കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ രാപകല്‍ സമരം നടത്തി.
ചൊവ്വാഴ്ച രാത്രി എട്ടിന് ഈസ്റ്റ് പൊലീസെത്തി നാലുപേരെയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ രാവിലെ പത്തിന് ആരംഭിച്ച സമരം വൈകീട്ടായിട്ടും ഒത്തുതീര്‍പ്പാക്കാന്‍ ആരുമെത്തിയില്ല. തുടര്‍ന്ന് ഭരണപക്ഷത്തെ ചില കൗണ്‍സിലര്‍മാര്‍ ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും തര്‍ക്കത്തിലാണ് കലാശിച്ചത്.
കുടുംബശ്രീ തട്ടിപ്പുമായി ബന്ധപ്പെട്ട് തങ്ങളുടെ പക്കലുള്ള രേഖകള്‍ മേയര്‍ യോഗം വിളിച്ചുചേര്‍ത്ത് പരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുടുംബശ്രീ യൂനിറ്റംഗങ്ങള്‍ പ്രതിഷേധത്തിനെത്തിയത്. രാത്രി ഏഴിന് മേയറും പൊലീസും ചേര്‍ന്ന് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് എല്ലാ ജനപ്രതിനിധികളെയും കുടുംബശ്രീ എ.ഡി.എസുമാരെയും മിഷന്‍ ഉദ്യോഗസ്ഥരെയും കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ച മങ്ങാട് ബി.ജെ.പി കൗണ്‍സിലര്‍ ടി.ജി. ഗിരീഷ് എന്നിവരെ പങ്കെടുപ്പിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് സമരക്കാര്‍ ആവശ്യമുന്നയിച്ചു.
എന്നാല്‍, ബി.ജെ.പി കൗണ്‍സിലറായ ഗിരീഷിനെയടക്കമുള്ള മറ്റ് ഡിവിഷനുകളിലെ കൗണ്‍സിലര്‍മാരെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്ന് മേയര്‍ അറിയിച്ചതോടെ സമരക്കാര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍നിന്ന് പിന്മാറി. ഇതിനിടയിലാണ് രാത്രി എട്ടോടെ പൊലീസ് നാല് സ്ത്രീകളെയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്.
ബി.ജെ.പി പ്രവര്‍ത്തകര്‍ കൂടി സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി ഈസ്റ്റ് പൊലീസ് അറസ്റ്റില്‍നിന്ന് പിന്മാറി. രാത്രി വൈകിയും കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ സ്ത്രീകള്‍ സമരം തുടരുകയായിരുന്നു.
കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ചിന്നക്കട ചുറ്റി ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ സമാപിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.