പി.പി.ഇ കിറ്റ് വാങ്ങിയതിലെ അഴിമതി; കെ.കെ. ശൈലജക്കെതിരെ ലോകായുക്ത അന്വേഷണം
text_fieldsതിരുവനന്തപുരം: കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെ പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നെന്ന പരാതിയിൽ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. ശൈലജക്ക് പുറമെ മരുന്ന് വാങ്ങാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി പ്രതിനിധികളുമാണ് എതിർകക്ഷികൾ. ഇവർക്ക് നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായതോടെയാണ് കേസ് ഫയലിൽ സ്വീകരിച്ചത്.
കോൺഗ്രസ് നേതാവ് വീണ എസ്. നായരാണ് അന്വേഷണം ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ചത്. ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ സർവിസസ് കോർപറേഷൻ എം.ഡിയായിരുന്ന ബാലമുരളി, മുൻ ജനറൽ മാനേജർ എസ്.ആർ. ദിലീപ് കുമാർ അടക്കം 11 പേർക്കെതിരെയാണ് പരാതി.
കോവിഡ് കാലത്ത് പി.പി.ഇ കിറ്റുകളും സർജിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നതായി പരാതിയിൽ ആരോപിക്കുന്നു. മന്ത്രിയായിരുന്ന കെ.കെ. ശൈലജയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നത്. ചട്ടങ്ങൾ പാലിക്കാതെ കോവിഡ് കാലത്ത് മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഖജനാവിന് വൻ നഷ്ടമുണ്ടായി. വിപണി നിരക്കിനേക്കാൾ ഉയർന്ന നിരക്കിലാണ് സ്വകാര്യ കമ്പനികളിൽനിന്ന് കിറ്റുകൾ വാങ്ങിയത്. കിറ്റുകൾ വിതരണം ചെയ്യുന്നതിന് മുമ്പു തന്നെ ഒരു സ്വകാര്യ കമ്പനിക്ക് മുൻകൂറായി ഒമ്പത് കോടി രൂപ അനുവദിച്ചു. സാധാരണ കാരാർ പ്രകാരമുള്ള സാധനങ്ങൾ വിതരണം ചെയ്ത ശേഷമാണ് പണം അനുവദിക്കുന്നത്. ഈ രീതി അട്ടിമറിച്ചതായും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.