അഴിമതിക്കേസുകളിൽ കേരളം മൂന്നാമത്
text_fieldsകൊച്ചി: കേരളത്തിൽ തീർപ്പുകാത്ത് കെട്ടിക്കിടക്കുന്നത് 1,116 അഴിമതിക്കേസുകൾ. അഴിമതിയിൽ രാജ്യത്ത് മൂന്നാമത് നിൽക്കുന്ന കേരളം കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) വ്യക്തമാക്കുന്നു.
സംസ്ഥാനം അഴിമതിക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി മാറി എന്നാണ് എൻ.സി.ആർ.ബി രേഖകൾ തെളിയിക്കുന്നത്. രാജ്യത്ത് 25,582 കേസ് തീർപ്പാക്കാനുണ്ടെന്നാണ് 2016ലെ കണക്ക്. ഇവയിൽ 117 എണ്ണം പിൻവലിച്ചു. ശേഷിക്കുന്നവയിൽ 2210 എണ്ണത്തിൽ മാത്രമാണ് വിചാരണ പൂർത്തിയായത്. കേരളത്തിൽ മുൻ വർഷങ്ങളിലെ 1102 അഴിമതിക്കേസുകൾ തീർപ്പുകാത്ത് കോടതി പരിഗണനയിലുണ്ട്. കഴിഞ്ഞവർഷം 65 എണ്ണം കൂടി കോടതിക്ക് കൈമാറി. എന്നാൽ, 49 ൽ മാത്രമാണ് വിചാരണ പൂർത്തിയായത്. രണ്ടെണ്ണം പിൻവലിച്ചു. 1116 ബാക്കി. കഴിഞ്ഞവർഷം കേരളത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ മാത്രമാണ് വകുപ്പുതല നടപടി എടുത്തത്.
അഴിമതിക്കേസുകളിൽ മൂന്നാം സ്ഥാനത്താണ് കേരളം. 2016ൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത 4,439 അഴിമതിക്കേസുകളിൽ 430 എണ്ണം കേരളത്തിലാണ്. 2015ൽ ഇത് 377ഉം 2014ൽ 149ഉം ആയിരുന്നു. 1016 കേസുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 569 കേസുമായി ഒഡിഷയാണ് രണ്ടാമത്. വിജിലൻസ് രേഖകൾ പ്രകാരം ഇൗ വർഷം ഡിസംബർ മധ്യം വരെ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 135 അഴിമതിക്കേസ് മാത്രമാണ്.
ഉന്നതഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും അഴിമതിക്കെതിരെ വിജിലൻസ് യൂനിറ്റുകളിൽ ലഭിക്കുന്ന പരാതികൾ ഡയറക്ടറേറ്റിന് കൈമാറണമെന്നും അവിടെനിന്ന് അനുമതി ലഭിച്ചാൽ മാത്രം അന്വേഷിച്ചാൽ മതിയെന്നുമുള്ള വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ ഉത്തരവാണ് കേസ് കുറയാൻ കാരണമത്രെ.
ഇതുവഴി വിജിലൻസിനെ നിഷ്ക്രിയമാക്കിയതും ലോക്പാൽ, ലോകായുക്ത സംവിധാനങ്ങൾ ഫലപ്രദമല്ലാത്തതുമാണ് അഴിമതിക്കേസുകളുടെ എണ്ണത്തിൽ കേരളത്തെ മുൻനിരയിലെത്തിച്ചതെന്ന് ആർ.ടി.െഎ കേരള ഫെഡറേഷൻ പ്രസിഡൻറ് ഡി.ബി. ബിനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.