പ്രളയബാധിതർക്ക് പെരുമ്പത്തൂരിൽ ഭൂമി വാങ്ങിയതിൽ അഴിമതി –പി.കെ. ബഷീർ എം.എൽ.എ
text_fieldsനിലമ്പൂർ: സി.പി.എമ്മിനെത്തിരെ രൂക്ഷ വിമർശനവുമായി പി.കെ. ബഷീർ എം.എൽ.എ. ചാലിയാർ പഞ്ചായത്തിലെ മതിൽമൂല ഭാഗത്ത് തകർന്ന പൊതുമരാമത്ത് റോഡ് പുനർനിർമാണത്തിന് എം.എൽ.എ ഇടപെടൽ നടത്തുന്നില്ലെന്ന ആരോപണത്തിനെതിരെ നിലമ്പൂരിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് പി.കെ. ബഷീർ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
സംസ്ഥാനം ഭരിക്കുന്നതും ചാലിയാർ പഞ്ചായത്ത് ഭരിക്കുന്നതും എൽ.ഡി.എഫ് ആണെന്നും 2018ലെ പ്രളയത്തിൽ മതിൽമൂല ഭാഗത്തെ റോഡ് തകർന്ന് രണ്ട് വർഷമായിട്ടും പഞ്ചായത്ത് ഭരണസമിതിയുടെ മിനുട്സിൽ പോലും ഇത് രേഖപ്പെടുത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. പ്രളയബാധിതർക്ക് പെരുമ്പത്തൂരിൽ ഭൂമി വാങ്ങിയതിൽ സി.പി.എം അഴിമതി നടത്തിയിട്ടുണ്ട്.
അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിജിലൻസിൽ താൻ പരാതി നൽകിയിട്ടുമുണ്ട്. പ്രളയം ബാധിച്ച മതിൽമൂല കോളനിയിലേക്കുള്ള റോഡിന് ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിച്ചപ്പോൾ പരാതിയുമായി പോയി ഒരു വർഷത്തോളം പഞ്ചായത്ത് പ്രവൃത്തി തടഞ്ഞു. നമ്പൂരിപ്പൊട്ടി കാലിക്കടവിൽ മുസ്ലിം ലീഗും താനും മുൻകൈയെടുത്ത് 16 ലക്ഷം രൂപ ചെലവഴിച്ചാണ് വീടുകളുടെ അറ്റകുറ്റപണി നടത്തിയത്. രാഹുൽ ഗാന്ധി എം.പിയുടെ സഹായത്തോടെ 10 കോടി രൂപ ചെലവിൽ അകമ്പാടം പാതാർ റോഡ് നിർമിക്കുമെന്നും എം.എൽ.എ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കോൺഗ്രസ് ചാലിയാർ മണ്ഡലം പ്രസിഡൻറ് നാലകത്ത് ഹൈദരലി, മുൻ പ്രസിഡൻറ് ഐ.കെ. യൂനസ് സലീം, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ആട്ടിരി ഹാരീസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.