സി.പി.ഐയിൽ അഴിമതി യുദ്ധം: കാനം രാജേന്ദ്രനെതിരെയും പരാതി
text_fieldsകോഴിക്കോട്: പാർട്ടി സമ്മേളന കാലയളവിൽ സി.പി.ഐ യെ ഉലച്ച് അഴിമതി ആരോപണങ്ങൾ. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവരെ പ്രതിക്കൂട്ടിലാക്കിയാണ് ആരോപണങ്ങൾ ഉയരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ (ഇ.ഡി) കാനം രാജേന്ദ്രനെതിരായി പൊതുപ്രവർത്തകൻ പരാതി നൽകാനിടയായ സാഹചര്യവും പാലക്കാട്, മലപ്പുറം ജില്ലകളിലെ രണ്ട് പ്രമുഖ നേതാക്കൾക്കെതിരായ ആരോപണങ്ങളും പാർട്ടിയിൽ ചൂടുപിടിച്ച ചർച്ചയാണ്.
വയനാട്ടിലെ മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവിന്റെ മറവിൽ വൻ അഴിമതി നടന്നതായും കോടികളുടെ കള്ളപ്പണം ഒഴുകിയതായും ഇതിന്റെ പശ്ചാത്തലത്തിൽ കാനം രാജേന്ദ്രന്റെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അഴിമതി വിരുദ്ധ പ്രവർത്തകനായ പി.ടി. ജോണാണ് ഇ.ഡിക്ക് പരാതി നൽകിയത്. മരം മുറി വിവാദം ഉദ്യോഗസ്ഥ തലത്തിൽ വഴിതിരിച്ചുവിടാനായെങ്കിലും അഴിമതി ആരോപണത്തിൽനിന്ന് പാർട്ടിക്ക് രക്ഷപ്പെടാനാകില്ലെന്ന് ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയം പുകയുന്നതിനിടെയാണ് കോഴിക്കോട് താമരശ്ശേരിയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന നോളജ് സിറ്റി കാനം രാജേന്ദ്രൻ സന്ദർശിച്ചതു സംബന്ധിച്ച വിവാദം ഉയർന്നത്. കോഴിക്കോട്ടെ ചില ബ്രാഞ്ച് സമ്മേളനങ്ങളിൽ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനമാണുണ്ടായത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ നിലനിൽക്കെ വകുപ്പ് കൈകാര്യംചെയ്യുന്ന പാർട്ടിയുടെ സെക്രട്ടറി നോളജ് സിറ്റി സന്ദർശിച്ചതിലൂടെ പാർട്ടി പ്രതിഛായക്ക് കോട്ടം തട്ടിയതായി അംഗങ്ങൾ വിമർശനമുയർത്തി.
കാനത്തിന്റെ വിശ്വസ്തരായ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും കേരള സ്റ്റേറ്റ് ആഗ്രോ മെഷിനറി കോർപറേഷൻ (കാംകോ) ചെയർമാനുമായ സുരേഷ് രാജ്, മലപ്പുറം ജില്ല മുൻ സെക്രട്ടറിയും ഹൗസിങ് ബോർഡ് ചെയർമാനുമായ പി.പി. സുനീർ എന്നിവർക്കെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന് പരാതി ലഭിച്ചിട്ടുണ്ട്.
ഭരണത്തിൽ തിരുത്തൽ ശക്തിയായിരുന്ന സി.പി.ഐക്ക് പല പ്രധാന വിഷയങ്ങളിലും മൗനം അവലംബിക്കേണ്ടി വന്നതിനു കാരണം അഴിമതിക്ക് തലവെച്ചതാണെന്ന് ഒരുവിഭാഗം നേതാക്കൾ വ്യക്തമാക്കുന്നു. ജോസ് കെ. മാണിയെ മുന്നണിയിലേക്ക് കൊണ്ടുവരുന്നതിനെ ആദ്യം എതിർത്തെങ്കിലും പിന്നീട് കീഴടങ്ങി.
സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരൻ നായർ നിയമ മന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന ലോകായുക്തയുടെ ചിറകരിഞ്ഞപ്പോഴും ഇടപെടാനായില്ല. സിൽവർലൈൻ പദ്ധതിക്ക് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും എതിരായിട്ടും കാനം രാജേന്ദ്രൻ അനുകൂലിച്ചതിനു പിന്നിലും മുഖ്യമന്ത്രിയുടെ ഓഫിസിൽ സി.പി.ഐ നേതാക്കളുടെ അഴിമതി സംബന്ധിച്ച് ലഭിച്ച വിവരങ്ങളാണെന്നും ഒരുവിഭാഗം ആരോപിക്കുന്നു. സിവിൽ സപ്ലൈസ് വകുപ്പ് സംബന്ധിച്ചും ഗുരുതര ആരോപണങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.