നിയമവിരുദ്ധമായി കൈപ്പറ്റിയ പണം തിരികെ നൽകിയാലും അഴിമതിക്കുറ്റം നിലനിൽക്കും –ഹൈകോടതി
text_fieldsകൊച്ചി: പൊതുസേവകർ നിയമവിരുദ്ധമായി പറ്റിയ പണം തിരികെ നൽകിയാലും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്ന് ഹൈകോടതി. നിയമത്തിെൻറ പിൻബലത്തോടെ മാത്രമേ പണം വാങ്ങാവൂവെന്ന നിബന്ധനക്ക് വിരുദ്ധമായി ഇടപാട് നടന്നിട്ടുണ്ടെങ്കിൽ കുറ്റകരമാണ്.
പണം തിരിച്ചുനൽകിയതുകൊണ്ട് ഇല്ലാതാവില്ല. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് തലവരിപ്പണം വാങ്ങി തട്ടിപ്പുനടത്തിയ കേസിൽ കോളജിലെ അക്കൗണ്ടൻറ് പി.എൽ. ഷിജി ഉൾപ്പെടെ നൽകിയ മുൻകൂർ ജാമ്യഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ ഉത്തരവ്.
എം.ഡി, എം.ബി.ബി.എസ് സീറ്റുകൾ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം കൈപ്പറ്റിയശേഷം പ്രവേശനം നൽകിയില്ലെന്ന സ്വകാര്യ അന്യായത്തിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഹൈകോടതി ഉത്തരവുപ്രകാരം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. കോളജ് ചെയർമാനും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാർഥിയുമായിരുന്ന ബെന്നറ്റ് എബ്രഹാം, ബിഷപ് എ. ധർമരാജ് റസാലം എന്നിവരടക്കമുള്ളവരാണ് പ്രതികൾ. പ്രധാന പ്രതികൾക്കെതിരെ അന്വേഷിക്കാതെ നാലാം പ്രതിയെ മാത്രം അന്വേഷണസംഘം പിന്തുടരുന്നതിനെ കോടതി നേരേത്ത രൂക്ഷമായി വിമർശിച്ചിരുന്നു.
അന്വേഷണം ശരിയായ ദിശയിലാണെങ്കിലും അനന്തമായി നീട്ടാനാവില്ലെന്നും വേഗം പൂർത്തിയാക്കി ഇത്തരക്കാർക്ക് മുന്നറിയിപ്പുനൽകാൻ പൊലീസിന് കഴിയണമെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണം. കേസന്വേഷണ ഉദ്യോഗസ്ഥന് മറ്റുഗൗരവമുള്ള ജോലി നൽകുന്നില്ലെന്ന് എ.ഡി.ജി.പി (ക്രൈം) ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.