ഓഡിറ്റ് റിപ്പോർട്ട് പുറത്ത്; തൃശൂർ കോർപറേഷനിൽ കോടികളുടെ അഴിമതിയും ക്രമക്കേടും
text_fieldsതൃശൂർ: കോടിക്കണക്കിന് രൂപയുടെ അഴിമതിയും ക്രമക്കേടും ചൂണ്ടിക്കാട്ടി തൃശൂർ കോർപറേഷന്റെ ഓഡിറ്റ് റിപ്പോർട്ട്. വൈദ്യുതി, നികുതി, പൊതുമരാമത്ത് വകുപ്പുകളിലെ വിവിധ പദ്ധതികൾ കോടികളുടെ നഷ്ടം വരുത്തിയതായി 2021-22, 2022-23 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 2023 ഡിസംബർ 30ന് തയാറാക്കിയ റിപ്പോർട്ട് 11 മാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ഭരണസമിതി കോർപറേഷൻ കൗൺസിലിൽ ചർച്ചക്കുവെക്കുന്നത്.
ഓഡിറ്റിങ്ങിൽ കണ്ടെത്തിയ അപാകതകൾ അപ്പപ്പോൾതന്നെ അതത് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ടിൽ പറയുന്നു. 221 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ 76 എണ്ണത്തിനു മാത്രമാണ് മറുപടി ലഭിച്ചത്. കോർപറേഷൻ ഓഫിസ്, ഒല്ലൂർ, അയ്യന്തോൾ, വിൽവട്ടം, കൂർക്കഞ്ചേരി എന്നിവിടങ്ങളിലെ മേഖലാ കാര്യാലയങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വ്യാപക ക്രമക്കേട് നടന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അനധികൃത നിർമാണങ്ങൾക്ക് കൂട്ടുനിൽക്കുന്നു, നികുതിപിരിവിലെ ക്രമക്കേട്, കൃത്യമല്ലാത്ത വരവുചെലവ് കണക്കുകൾ, കോർപറേഷനുമായി തർക്കമുള്ളതും കേസുകൾ നിലനിൽക്കുന്നതുമായ വിഷയങ്ങളിൽ വേണ്ട രേഖകൾ ഹാജരാക്കുന്നില്ല. മാലിന്യസംസ്കരണം, ആരോഗ്യവകുപ്പ് എന്നിവയുടെ പ്രവർത്തനങ്ങളിൽ വ്യാപക തട്ടിപ്പ് എന്നിവയും ഇതിൽ എടുത്തുപറയുന്നുണ്ട്. ഭവനനിർമാണ പദ്ധതികളിലും ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ട്. കോവിലകത്തുംപാടം ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ പ്ലാന്റ് നിഷ്ക്രിയമായതിലൂടെ മൂന്നു കോടിയിലധികം രൂപയുടെ നഷ്ടം കോർപറേഷന് സംഭവിച്ചതായി കണക്കുകൾ നിരത്തി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അമൃത് പദ്ധതികൾ പൂർണമായും അലങ്കോലമായ രീതിയിലാണ്. കോർപറേഷന് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ കേവലം 67 സെന്റ് സ്ഥലം മാത്രം മതിയെന്നിരിക്കെ 12 ഏക്കർ തണ്ണീർത്തടം ക്രമവിരുദ്ധമായി വാങ്ങിയതിൽ വൻ അഴിമതിക്ക് സാധ്യതയുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു.
റിപ്പോർട്ടിൽ ഒരു മാസത്തിനകം കൗൺസിൽ വിളിച്ച് തീരുമാനമെടുക്കണമെന്ന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെടുന്നുണ്ട്.
കോർപറേഷന് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് തുച്ഛമായ വിലക്ക് ലഭിക്കുമായിരുന്ന ഭൂമി വൻ തുക മുടക്കി അനാവശ്യമായി വാങ്ങിയതിൽ ഗുരുതര ചട്ടലംഘനവും അഴിമതിയും നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓഡിറ്റ് റിപ്പോർട്ടിലുള്ളത് ഗുരുതര അഴിമതിയും ചട്ടലംഘനങ്ങളുമാണെന്നും നിയമസഭ സമിതി അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. തട്ടിപ്പുകൾക്ക് മേയറും സെക്രട്ടറിയും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.