കോട്ടൺഹിൽ റാഗിങ് വിവാദം; ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും
text_fieldsതിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിലെ റാഗിങ് പരാതിയിൽ തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ എസ്. സന്തോഷ്കുമാർ ബുധനാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. ചൊവ്വാഴ്ച രാവിലെ സ്കൂളിലെത്തിയ എസ്. സന്തോഷ്കുമാർ പരാതിക്കാരായ രക്ഷിതാക്കളോടും സ്കൂൾ അധികൃതരോടും വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. ബുധനാഴ്ച തന്നെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറുമെന്നാണ് വിവരം.
ചൊവ്വാഴ്ച സംസ്ഥാന ബാലാവകാശ കമീഷനും വനിത ശിശു വികസന വകുപ്പ് അധികൃതരും സ്കൂളിലെത്തി.
ലീഗൽ സർവിസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച മുതൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസുകളും തുടർന്ന് കൗൺസലിങ്ങും നടത്തുമെന്ന് അതോറിറ്റി പാനൽ അംഗം അഡ്വ. തോന്നയ്ക്കൽ സുരേഷ് പറഞ്ഞു.
വേഗത്തിൽ പരിഹരിക്കാവുന്ന പ്രശ്നം വലുതാക്കിയത് ഹെഡ്മാസ്റ്ററുടെ പിടിപ്പുകേടാണെന്ന് മാനേജിങ് കമ്മിറ്റി ചെയർമാൻ പ്രദീപ് ആരോപിച്ചു. ഹെഡ്മാസ്റ്റർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകി. ഇപ്പോഴത്തെ പരാതികളിൽ സ്കൂളിനെ തകർക്കാനുള്ള ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകുമെന്നും പ്രദീപ് പറഞ്ഞു.
ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തിൽ കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ ചൊവ്വാഴ്ച സ്കൂളിലെത്തി അധികൃതരുമായി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.