കോട്ടൺഹിൽ സ്കൂൾ: പി.ടി.എ ഫണ്ടിലും വെട്ടിപ്പ്; ഉപഡയറക്ടറുടെ റിപ്പോർട്ട് മുക്കി
text_fieldsതിരുവനന്തപുരം: കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പി.ടി.എ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സമർപ്പിച്ച റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് മുക്കി. ഇതിനെതുടർന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി) പൊതുവിദ്യാഭ്യാസ വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് പരാതി നൽകി. സ്കൂൾ ഹെഡ്മാസ്റ്റർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് എസ്.എം.സിയുടെ പരാതി. നേരത്തേ എസ്.എം.സി നൽകിയ പരാതിയിൽ മേയ് അവസാനത്തിൽ ഉപഡയറക്ടർ സ്കൂളിലെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിപ്പോർട്ടിൽ നടപടിക്ക് ശിപാർശയുണ്ടായിരുന്നു. എന്നാൽ, രണ്ടു മാസം പിന്നിട്ടിട്ടും റിപ്പോർട്ടിൽ ഡയറക്ടറേറ്റ് നടപടിയെടുത്തില്ല. തുടർന്നാണ് ആഭ്യന്തര വിജിലൻസ് ഓഫിസർക്ക് ഈ മാസം 12നു പരാതി നൽകിയത്. സ്കൂളിൽ പി.ടി.എ നിലവിലില്ലാത്തതിനാൽ ഫണ്ട് കൈകാര്യം ചെയ്യുന്നത് എസ്.എം.സിയാണ്.
ട്രഷററായ ഹെഡ്മാസ്റ്റർ കഴിഞ്ഞ വർഷം ജൂലൈയിൽ ചുമതലയേറ്റ ശേഷം ഇതുവരെ എസ്.എം.സിയിൽ കണക്ക് അവതരിപ്പിച്ചിട്ടില്ല. എസ്.എം.സി നിർദേശം അംഗീകരിക്കാതെ വന്നതോടെയാണ് ഉപഡയറക്ടർക്ക് പരാതി നൽകിയത്. ഉപഡയറക്ടറുടെ ഇടപെടലിനെ തുടർന്ന് ഇന്റേണൽ ഓഡിറ്റിനായി അക്കൗണ്ട് ബുക്ക് ഹാജരാക്കിയപ്പോൾ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയതായും എസ്.എം.സിയുടെ പരാതിയിൽ പറയുന്നു. പണം ചെലവഴിച്ചതിന് പലതിനും വൗച്ചറുകൾ ഇല്ല. വൗച്ചറുകൾ ഉള്ളതിൽ പണം കൈപ്പറ്റിയ ആളുടെ വിവരങ്ങളില്ല. ആവശ്യമായ ബില്ലുകൾ ഇല്ലാതെയാണ് വൗച്ചറുകൾ സമർപ്പിച്ചിരിക്കുന്നത്. ബെഞ്ചും ഡെസ്കും പിടിച്ചിട്ടതിനുള്ള വൗച്ചറിൽ ഹെഡ്മാസ്റ്റർതന്നെ ഒപ്പിട്ട് പണം കൈപ്പറ്റിയതായും കണ്ടെത്തി.
ഹയർസെക്കൻഡറി വിഭാഗത്തിന്റെ കണക്കുകൾ അക്കൗണ്ട് ബുക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. വരവ് ബാങ്കിൽ നിക്ഷേപിക്കാതെ കൈവശം വെച്ച് ഇഷ്ടപ്രകാരം വിനിയോഗിക്കുന്നതായും കണ്ടെത്തിയെന്നും എസ്.എം.സിയുടെ പരാതിയിൽ പറയുന്നു. സ്കൂളിന് വെബ്സൈറ്റ് ഒരുക്കാൻ പൂർവവിദ്യാർഥികൾ ഏൽപ്പിച്ച 15,000 രൂപയും മുൻ ഹെഡ്മാസ്റ്റർമാർ നൽകിയ 45,000 രൂപയും അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ല.
കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും അജണ്ട നിശ്ചയിച്ച് യോഗം വിളിച്ചിട്ടും ഹെഡ്മാസ്റ്റർ ബഹിഷ്കരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഫണ്ട് കൈകാര്യം ചെയ്തതിലെ അപാകതയും അനധികൃത ഇടപാടും ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷിക്കണമെന്നാണ് എസ്.എം.സി ചെയർമാനും അംഗങ്ങളും ചേർന്ന് നൽകിയ പരാതിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.