സ്ഥലം ഏറ്റെടുക്കാനായില്ല; യു.എ.ഇ ഡ്രൈവിങ് പരിശീലന പദ്ധതി ഉപേക്ഷിച്ചു
text_fieldsഎടപ്പാൾ: ജോലിക്കായി യു.എ.ഇ യിലേക്ക് പോകുന്നവർക്ക് സഹായകരമായി സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചിരുന്ന യു.എ.ഇ ഡ്രൈവിങ് പരിശീലന പദ്ധതി ഉപേക്ഷിച്ചു. ആദ്യം കണ്ടനകം ഐ.ഡി.ടി.ആറിലെ ഒരേക്കറിൽ യു.എ.ഇ മാതൃകയിലുള്ള റോഡുകൾ നിർമിച്ച് പരിശീലനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, സ്ഥലപരിമിതി കാരണം അത് മാറ്റി. പിന്നീട് വേങ്ങരയിലും, കണ്ണൂർ വിമാനാത്താവള സ്ഥലവും പരിശോധിച്ചിരുന്നു. അവിടെയും സാങ്കേതിക തടസ്സം നേരിട്ടു. അവസാനം പദ്ധതി പ്രവർത്തികമാകില്ലെന്ന കണ്ടെത്തിലിനെ തുടർന്നാണ് ഉപേക്ഷിച്ചത്. 2018 ലാണ് പദ്ധതിയെക്കുറിച്ചുള്ള ആലോചനകൾക്ക് തുടക്കം കുറിച്ചത്.
നാഷനൽ സ്കിൽ ഡെവല്പമെൻറ് കോർപറേഷനും എമിറേറ്റസ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.2.9 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് എമിറേറ്റസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്ഗധസംഘം സ്ഥലം സന്ദർശിച്ചിരുന്നു. തിയറി ക്ലാസ്, യാർഡ് ടെസ്റ്റ്, ഓൺലൈൻ പരീക്ഷ എന്നിവ പരിശീലിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇവിടെ നിന്ന് സർട്ടിഫിക്കറ്റുമായി പോകുന്നവർക്ക് റോഡ് ടെസ്റ്റ് മാത്രം നടത്തി എളുപ്പത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.