കിഴക്കമ്പലം സംഘർഷം; കാരണം കണ്ടെത്താനായില്ല; നേതൃത്വം നൽകിയവരെ കസ്റ്റഡിയിൽ വാങ്ങും
text_fieldsകിഴക്കമ്പലം: കിറ്റെക്സ് ഗാര്‍മെൻറ്സ് കമ്പനിയിലെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഉണ്ടാക്കിയ സംഘര്‍ഷത്തിന് കാരണം കണ്ടെത്താനാകാതെ പൊലീസ്. ശനിയാഴ്ച രാത്രി കമ്പനിയിലെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് ബഹളം വെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷ വിഭാഗം പൊലീസ് സഹായം തേടിയത്.
സംഭവ സ്ഥലത്തെത്തിയ കുന്നത്തുനാട് എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പൊലീസുകാരെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷം നടക്കുമ്പോള്‍ കമ്പനിയുടെ സുരക്ഷ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. തൊഴിലാളികളെ പ്രകോപിപ്പിച്ചത് സുരക്ഷ ജീവനക്കാരുടെ പെരുമാറ്റമാണെന്നും ആക്ഷേപമുണ്ട്. ആറുമണിക്കൂറോളം ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. മദ്യത്തിന് പുറമെ മറ്റ് ലഹരിവസ്തുക്കളും പ്രതികള്‍ ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നു.
പൂര്‍ണമായി കമ്പനി നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ക്ക് എങ്ങനെ ലഹരി വസ്തുക്കള്‍ ലഭിച്ചു എന്ന കാര്യത്തിലും ദുരൂഹതയുണ്ട്. പലപ്പോഴും ഇത്തരത്തില്‍ ഇവിടെ ബഹളം കേള്ക്കാറുണ്ടന്നാണ് നാട്ടുകാര്‍ പറയുന്നത്. 162 പ്രതികള്‍ ഉള്ളതിനാല്‍ പൊലീസിന് ഇവരെ വേണ്ടവിധത്തില്‍ ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് തയാറാക്കി കോവിഡ് ടെസ്റ്റ് നടത്തുന്ന ജോലികളാണ് സ്റ്റേഷനുകളിൽ നടക്കുന്നത്. സംസ്ഥാനത്തുതന്നെ അപൂര്‍വമാണ് ഇത്രയധികം പ്രതികള്‍ വരുന്ന കേസ്.
ആക്രമണത്തിന് നേതൃത്വം നല്കിയ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ മാത്രം കോടതിയില്‍നിന്ന് വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് നീക്കം. ഇതോടെ സംഘര്‍ഷത്തിലേക്ക് നയിച്ച കാരണം വ്യക്തമാകുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. മൂവായിരത്തോളം തൊഴിലാളികളാണ് സംഘര്‍ഷം ഉണ്ടായ മേഖലയില്‍ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.