വോട്ടെണ്ണല്‍: സുരക്ഷ, മുന്നൊരുക്കങ്ങളുടെ അവലോകനം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
text_fieldsതിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളുടെ സുരക്ഷയുടെയും വോട്ടണ്ണല്‍ പ്രക്രിയക്കുള്ള ഒരുക്കങ്ങളുടെയും അവലോകനം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളും വോട്ടെണ്ണല്‍ ഒരുക്കങ്ങളും വിലയിരുത്തി. തിരഞ്ഞടുപ്പ് കമീഷന്‍ നിര്‍ദേശിച്ച 21 പോയിന്റുകളുടെ അടിസ്ഥാനത്തിലുള്ള അവലോകനമാണ് പൂര്‍ത്തിയാക്കിയത്.
20 ലോക്‌സഭ മണ്ഡലങ്ങളിലെയും സ്‌ട്രോങ് റൂമുകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരമുള്ള ത്രിതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്‌ട്രോങ് റൂമുകളുടെ 100 മീറ്റര്‍ അകലെ നിന്ന് ആരംഭിക്കുന്ന ആദ്യ സുരക്ഷാവലയത്തില്‍ സംസ്ഥാന പൊലീസിന്റെ കാവലാണുള്ളത്. തുടര്‍ന്നുള്ള രണ്ടാം വലയത്തില്‍ സംസ്ഥാന ആംഡ് പൊലീസും മൂന്നാം വലയത്തില്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സുമാണ് സുരക്ഷ ചുമതലയിലുള്ളത്.
സ്ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശനകവാടങ്ങള്‍, സ്‌ട്രോങ് റൂം ഇടനാഴികള്‍, സ്‌ട്രോങ് റൂമില്‍ നിന്ന് വോട്ടെണ്ണല്‍ ഹാളിലേക്കുള്ള വഴി, വോട്ടെണ്ണല്‍ ഹാള്‍, ടാബുലേഷന്‍ ഏരിയ എന്നിവിടങ്ങളെല്ലാം സിസിടിവി നിരീക്ഷണത്തിലാണ്. എല്ലാ സ്‌ട്രോങ് റൂമുകളും കൃത്യമായ ഇടവേളകളില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പുവരുത്തുകയും സന്ദര്‍ശക രജിസ്‌ററര്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും അഗ്നിരക്ഷാ സൗകര്യങ്ങളും ഫയര്‍ഫോഴ്‌സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
വോട്ടെണ്ണലിനുള്ള മേശകള്‍, കൗണ്ടിങ് ഏജന്റ് മാര്‍ക്ക് ഇരിക്കാനുള്ള ഏരിയ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വോട്ടണ്ണല്‍ തീയതി, സമയം, സ്ഥലം എന്നിവ സ്ഥാനാര്‍ഥികളെയും അവരുടെ ഏജന്റുമാരെയും ഫോം എം 22 പ്രകാരം അറിയിച്ചിട്ടുണ്ട്. കൗണ്ടിങ് ഏജന്റുമാരുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഫോം 18 ല്‍ അറിയിക്കാനും സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. കാലതാമസം കൂടാതെ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തീകരിക്കാനും ഫലം പ്രഖ്യാപിക്കാനും ആവശ്യമായത്ര വോട്ടെണ്ണല്‍ ഹാളുകളും മേശകളും എല്ലാ കേന്ദ്രങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്.
സര്‍വീസ് വോട്ടര്‍മാരുടെ ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് ആവശ്യമായ ക്യു ആര്‍ കോഡ് സ്‌കാനറുകളും കമ്പ്യൂട്ടര്‍ സംവിധാനങ്ങളും ലഭ്യമാക്കുകയും പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ ആദ്യ റാന്‍ഡമൈസേഷന്‍ മെയ് 17 ന് പൂര്‍ത്തിയായി. രണ്ടാം റാന്‍ഡമൈസേഷനും മൂന്നാം റാന്‍ഡമൈസേഷനും ജൂണ്‍ 3ന് രാവിലെ എട്ട് മണിക്കും ജൂണ്‍ നാലിന് രാവിലെ അഞ്ച് മണിക്കും നടക്കും.
തപാല്‍വോട്ട് അടക്കമുള്ളവയുടെ വോട്ടെണ്ണലിന് 707 അഡീഷണല്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിയമിക്കും. വോട്ടെണ്ണല്‍ ജീവനക്കാര്‍ക്കുള്ള ആദ്യഘട്ട പരിശീലനം മെയ് 22 നും 23 നും രണ്ടാംഘട്ട പരിശീലനം മെയ് 28 നും പൂര്‍ത്തിയായി. അവസാനഘട്ട പരിശീലനം ജൂണ്‍ 1ന് നടക്കും. മല്‍സരഫലങ്ങള്‍ തടസ്സങ്ങള്‍ കൂടാതെ തത്സമയം ലഭ്യമാക്കുന്നതിന് എന്‍കോര്‍, ഇ.ടി.പി.ബി.എം.എസ് ടീമുകള്‍ക്ക് പരിശീലനങ്ങളും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കലും പൂര്‍ത്തിയാക്കി. ടാബുലേഷന്‍ നടപടികളുടെ ഡ്രൈ റണ്‍ മെയ് 25 ന് നടന്നു.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിനാണ് ഇതിന്റെ ചുമതല. വോട്ടെണ്ണുന്ന ഉദ്യോഗസ്ഥര്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. ഓരോ മേശയിലും ഓരോ ഘട്ടത്തിലും എണ്ണുന്ന വോട്ടിങ് യന്ത്രങ്ങളുടെ പട്ടിക സ്ഥാനാര്‍ഥികള്‍ക്ക് നല്‍കും. തല്‍സമയ ഫലം ലഭ്യമാക്കുന്നതിന് ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ടെലഫോണ്‍, കമ്പ്യൂട്ടര്‍, ഫാക്‌സ്, ഇന്റര്‍നെറ്റ് എന്നിവ അടക്കമുള്ള കമ്യൂണിക്കേഷന്‍ റൂമുകളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.