വോട്ടെണ്ണല്‍ : ഫലമറിയാന്‍ ഏകീകൃത സംവിധാനം
text_fieldsകൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ നാലിന് രാവിലെ എട്ടിന് ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാവും.
ഇലക്ഷന്‍ കമീഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് എ.ആർ.ഒമാര്‍ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്‌സൈറ്റില്‍ അതത് സമയം ലഭിക്കുക. ആദ്യമായാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ രാജ്യത്തെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്.
ഇലക്ഷന്‍ കമീഷന്റെ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്‌സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ട്രെന്‍ഡ്‌സ് ആന്റ് റിസള്‍ട്ട്‌സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
സംസ്ഥാനത്തെ എല്ലാ കൗണ്ടിങ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡിലും ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. വോട്ടെണ്ണല്‍ ഫലങ്ങള്‍ തത്സമയം കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ലഭ്യമാക്കി കേന്ദ്രീകൃത ഫലപ്രഖ്യാപനം നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന എന്‍കോര്‍ സോഫ്റ്റ് വെയറിന്റെ ട്രയല്‍ വെള്ളിയാഴ്ചയോടെ വിജയകരമായി പൂര്‍ത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.