ഇരട്ടക്കൊല: നടുക്കം മാറാതെ പുതുപ്പരിയാരം
text_fieldsപുതുപ്പരിയാരം: ഓട്ടൂർക്കാട് മയൂരത്തിൽ ചന്ദ്രെൻറയും ഭാര്യ ദേവിയുടെയും അരുംകൊലയിൽ നടുങ്ങി നാട്. ഇരട്ട കൊലപാതക വാർത്ത കേട്ടാണ് നാടുണർന്നത്. തൊട്ടടുത്ത പ്രദേശമായ ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ സാഹചര്യത്തിൽ, അമ്മപ്പുലി കുഞ്ഞുങ്ങളെ തേടി നാട്ടിലിറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടുകാർ വീട്ടിനകത്ത് തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. അതിനാൽ ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു.
അതേസമയം, ദമ്പതികളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂത്തമകൻ സനിലിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാൾ വീട്ടിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സനിലിനെ കാണാനില്ല. ഫോൺ സ്വിച്ച് ഒാഫ് ചെയ്ത നിലയിലാണ്.
ചന്ദ്രെൻറയും ദേവിയുടെയും മകൾ സൗമിനി ഏറണാകുളത്ത് ഭർതൃഗൃഹത്തിലാണ് താമസം. ഇളയ മകൻ സുനിൽ ഏറണാകുളത്ത് സി.സി.ടി.വി ടെക്നിഷ്യനായി ജോലി ചെയ്തുവരുന്നു. തിങ്കളാഴ്ച രാവിലെ ഏഴരയോടെ മകൾ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടിയിരുന്നില്ല. പിന്നാലെ, അയൽവാസിയെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. വീടിൻ്റെ പിൻവശത്തെ വാതിൽ തുറന്നിട്ട നിലയിൽ കാണപ്പെട്ടതോടെ സംശയം തോന്നിയ അയൽവാസിയാണ് വീടിനകം പരിശോധിച്ചത്. തുടർന്ന് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. പിന്നാലെ പൊലീസിൽ വിവരമറിയിച്ചു.
ജില്ല പൊലീസ് മേധാവി വിശ്വനാഥ്, ആലത്തൂർ ഡിവൈ.എസ്.പി. ദേവസ്യ, സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. അശോക് എന്നിവരടങ്ങിയ പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു.ഇരു മൃതദേഹങ്ങളുടെയും ഇൻക്വസ്റ്റ് നടപടി രാത്രി വരെ നീണ്ടു. സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ച് കുടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.