വൈക്കം താലൂക്ക് ആശുപത്രിയിൽ ദമ്പതികളുടെ അസഭ്യവർഷം; തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
text_fieldsവൈക്കം: താലൂക്ക് ആശുപത്രിയിൽ ഒ.പി കൗണ്ടറിൽ അസഭ്യവർഷം നടത്തിയത് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിൽ ദമ്പതികളെ പൊലീസ് പിടികൂടി. ബ്രഹ്മമംഗലം വടക്കേത്തറ വീട്ടിൽ വി.എസ്. അനീഷ് കുമാർ (45), ഭാര്യ സീന (40) എന്നിവരെയാണ് വൈക്കം പൊലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം.
വൈക്കം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കുലശേഖരമംഗലം വല്ലയിൽ അൽ അമീറിനാണ് (46) ദമ്പതികളുടെ ആക്രമണത്തിൽ പരിക്കേറ്റത്. നെറ്റിക്ക് പരിക്കേറ്റ് ചോരവാർന്ന ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്.
കാലിന് പരിക്കേറ്റ ഭാര്യയെ ഓർത്തോ വിഭാഗം ഡോക്ടറെ കാണിക്കാനാണ് അനീഷ് ആശുപത്രിയിൽ എത്തിയത്. ഡോക്ടറുടെ ഒ.പി ഇല്ലെന്ന് ജീവനക്കാരൻ അറിയിച്ചതോടെ ഇയാൾ ബഹളം വെക്കുകയും ജീവനക്കാർക്കെതിരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. ബഹളം കേട്ട് ആശുപത്രി പൊലീസ് എയ്ഡ് പോസ്റ്റിൽ ഉണ്ടായിരുന്ന അമീറും ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനും ശാന്തനാക്കാൻ ശ്രമം നടത്തുന്നതിനിടെ ഇയാൾ പ്രകോപിതനായി ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. പിന്നീട് കൂടുതൽ പൊലീസ് എത്തി ഇവരെ കീഴടക്കിയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
സീന ബ്രഹ്മമംഗലത്തുെവച്ച് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ചില്ല് അടിച്ചുതകർത്ത കേസിലും അനീഷ് ബ്രഹ്മമംഗലത്തെ എ.ടി.എം കൗണ്ടറിന്റെ ചില്ല് അടിച്ചുതകർത്ത കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ ആശുപത്രി അധികൃതരുടെ പരാതിയിലും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് ദമ്പതികൾക്കെതിരെ വൈക്കം പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.