'ഉദ്യോഗസ്ഥർ സംയമനം പാലിച്ചിരുന്നെങ്കില്‍ രണ്ട് ജീവൻ പൊലിയുമായിരുന്നില്ല'
text_fieldsനെയ്യാറ്റിന്‍കര: സ്ഥലം ഒഴിപ്പിക്കാനെത്തിയവർക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് രണ്ട് ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന് ആരോപിച്ച് നാട്ടുകാര്‍. ആത്മസംയമനം പാലിച്ചിരുന്നെങ്കില്‍ ഈ കുടുംബത്തെ രക്ഷിക്കാമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ കാണിച്ച ആത്മഹത്യ ശ്രമത്തിനിടെ പൊലീസുകാരന്‍ കൈതട്ടുമ്പോള്‍ തീ പടര്‍ന്ന് പിടിച്ചെന്നാണ് രാജന്‍ മരിക്കുന്നതിന് മുമ്പ് മൊഴി നൽകിയത്.
ആത്മഹത്യ ചെയ്യണമെന്ന് തനിക്ക് ഒരു തരത്തിലും തീരുമാനമുണ്ടായിരുന്നില്ലെന്ന് രാജൻ പറഞ്ഞിരുന്നു. പെട്രോൾ ശരീരത്തിലൊഴിച്ച് ലൈറ്ററുമായി നില്‍ക്കുമ്പോള്‍ പൊലീസുകാരോടും ഉദ്യോഗസ്ഥരോടും അടുക്കരുതെന്ന് പറയുന്നുണ്ടായിരുന്നു. തീ കൊളുത്തുമെന്നറിയിച്ച് തിരിഞ്ഞ് നില്‍ക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൈ തട്ടിമാറ്റന്‍ ശ്രമിക്കുമ്പോഴാണ് ശരീരത്തില്‍ തീ ആളിക്കത്തിയതെന്ന് നാട്ടുകാർ പറയുന്നു.
സംഭവ സ്ഥലത്ത് കൂടി നിന്നവര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെയാണ് പ്രതികരിച്ചത്. ഭക്ഷണം കഴിച്ചിട്ട് ഇറങ്ങിത്തരാമെന്ന് രാജൻ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ ഇതിനും അനുവദിക്കാത്തതിനെ തുടർന്നാണ് പെട്രോൾ ദേഹത്ത് ഒഴിച്ചത്.
തന്‍റെ വീട്ടുവളപ്പിലടക്കണമെന്ന രാജന്‍റെ ആഗ്രഹത്തിന് പോലും പൊലീസ് തടസ്സം നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മകന്‍ നേരിട്ടെത്തി അച്ഛന് വേണ്ടി കുഴിമാടം വെട്ടിയത് കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. എന്‍റെ അച്ഛനെ കൊന്നിട്ട് അടക്കാനും സമ്മതിക്കില്ലേ എന്ന് ചോദിച്ച് കൊണ്ടായിരുന്നു മകന്‍ കുഴിവെട്ടിയത്. നാട്ടുകാരും മകനോടൊപ്പം ചേര്‍ന്നതോടെ പൊലീസ് പിന്‍മാറി.
വരുമാനത്തിന്‍റെ വലിയ പങ്ക് രാജൻ ചിലവഴിച്ചത് സാധുക്കള്‍ക്ക് വേണ്ടി
ചാരിറ്റി പ്രവര്‍ത്തനത്തിനും രാജന്‍ എന്നും നാട്ടുകാര്‍ക്ക് മുന്നില്‍ മാതൃകയായിരുന്നു. ആശാരിപ്പണിയില്‍ നിന്നും രാജന് ലഭിക്കുന്ന വരുമാനത്തിന്‍റെ വലിയൊരു പങ്ക് സാധുക്കള്‍ക്ക് വേണ്ടിയായിരുന്നു ചിലവഴിക്കുന്നത്. ദിനവും രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് റോഡരികില്‍ കാണുന്നവര്‍ക്ക് തന്‍റെ കൈവശം കരുതിവെച്ചിരിക്കുന്ന പ്രഭാത ഭക്ഷണപ്പൊതിയും ഊണിന്‍റെ പൊതികളും നല്‍കിയാണ് പോകുന്നത്. ദിനവും 15ലേറെ പേര്‍ക്ക് രാജൻ ജോലിയുള്ള ദിവസങ്ങളില്‍ ഭക്ഷണം നല്‍കും.
മൂത്തമകന്‍ രഹുലിന് വർക്ഷോപ്പ് ജോലിയില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനവും രാജന്‍റെ വരുമാനവുമാണ് വീടിന്‍റെ ഏക ആശ്രയം. മാതാപിതാക്കളുടെ മരണം താങ്ങാവുന്നതിനുമപ്പുറമാണ് മക്കള്‍ക്കിരുവര്‍ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.