മനക്കരുത്തിന്റെ ബലത്തിൽ അവർ താണ്ടി, സാഹസികത നിറഞ്ഞ ദൂരങ്ങൾ
text_fieldsകൊടുങ്ങല്ലൂർ: മനക്കരുത്തിെൻറ ബലത്തിൽ സാഹസിക യാത്ര പിന്നിട്ട് കാർഗിലിലെ യുദ്ധ സ്മാരകത്തിൽ ദേശീയപതാക വീശി റെക്കോഡ് സ്വന്തമാക്കിയവരിൽ ഭിന്നശേഷിക്കാരായ കൊടുങ്ങല്ലൂർ ദമ്പതികളും. കഠിനമായ കാർഗിൽ റൈഡും സോസ്സില്ല പാസുമൊക്കെ പാതി തളർന്ന ശരീരവുമായി ജീവിക്കുന്നവർക്കും അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഭിന്നശേഷിക്കാരനായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി സൂരജും (39), ഭാര്യ സൗമ്യയും (35) കൂട്ടാളികളും.
അഞ്ച് സംസ്ഥാനങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ഭിന്നശേഷിക്കാരടങ്ങുന്ന 'ഈഗിൽ സ്പെഷലി ഏബിൾഡ് റൈഡേഴ്സ്' സംഘടനയുടെ നേതൃത്വത്തിൽ വനിത ശക്തീകരണ ഭാഗമായാണ് ഭിന്നശേഷി ആക്സസബിലിറ്റി ബോധവത്കരണ ഡൽഹി-ലഡാക്ക്-കാർഗിൽ യാത്ര നടത്തിയത്.
സ്പൈനൽ ഇഞ്ചുറി സംഭവിച്ച് വീൽചെയറിൽ ജീവിതം നയിക്കുന്ന സൂരജും ഭാര്യ സൗമ്യയും ഇവരോടൊപ്പം ചേർന്നാണ് സാഹസിക യാത്രകൾക്ക് പരിമതികൾ പ്രശ്നമല്ലെന്ന് തെളിയിച്ചത്.
സൈഡ് വീലുകൾ ഘടിപ്പിച്ച 10 സ്കൂട്ടറുകളിൽ ഡൽഹിയിൽനിന്ന് കാർഗിലിലേക്ക് യാത്ര ചെയ്ത് യുദ്ധ സ്മാരകത്തിൽ ഇന്ത്യൻ പതാക വീശിയ 14 അംഗ സംഘം ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ 12 ദിവസംകൊണ്ട് താണ്ടിയ ദൂരം 2500 കിലോമീറ്റർ ആണ്.
'വേൾഡ്സ് ഹൈയസ്റ്റ് അസെസിബിൾ അവയർനസ് റൈഡ്' നടത്തിയതിന് ജമ്മുവിൽവെച്ച് എ.എച്ച്.സി.എഫ് ഗ്ലോബൽ ബുക്ക് ഓഫ് റെക്കോഡും ഈ ദമ്പതികൾ ഉൾപ്പെടുന്ന സംഘം കരസ്ഥമാക്കി. സ്പൈനൽ ഇഞ്ചുറി സംഭവിച്ചവർ തുടർച്ചയായി 25 കിലോമീറ്റർ പോലും മുച്ചക്രവാഹനം ഓടിക്കൻ സാധിക്കില്ലെന്ന വിധിയെഴുത്താണ് ടീമിലെ ഏക സ്പൈനൽ ഇഞ്ചുറിക്കാരനായ സൂരജ് അസ്ഥാനത്താക്കിയത്.
സൂരജിന് 2012ൽ കൊല്ലത്തുവെച്ചുണ്ടായ കാർ അപകടത്തിലാണ് സ്പൈനൽ കോഡ് വലിഞ്ഞതിനെ തുടർന്ന് അരക്ക് കീഴ്പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ടത്. സൗദിയിൽ ബിസിനസ് ചെയ്തിരുന്നത് ഇതോടെ നിർത്തി. 2013ലാണ് കിഴക്കൻ ഡൽഹിയിൽ സ്ഥിരതാമസക്കാരിയായ സൗമ്യയെ വിവാഹം കഴിക്കുന്നത്. 2017 മുതൽ പേപ്പർ പേനകൾ, ഫയലുകൾ, കലണ്ടർ തുടങ്ങിയ ഇക്കോ ഫ്രൻഡ്ലി ഹോം മെയ്ഡ് പ്രോഡക്റ്റുകളുടെ നിർമാണം ആരംഭിച്ചു.
കേരളത്തിലും തമിഴ്നാട്ടിലുമായി 2500ലധികം പേർക്ക് ട്രെയിനിങ് കൊടുത്തതും സൂരജാണ്. ഡൽഹി വരെ സ്കൂട്ടർ ട്രെയിനിലെത്തിച്ചു. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ സ്വദേശികളായിരുന്നു കാർഗിലിലേക്ക് സഹയാത്രികർ. പത്ത് പുരുഷന്മാരും നാല് സ്ത്രീകളും ആയിരുന്നു സംഘത്തിൽ. കൂട്ടത്തിൽ ശാരീരിക വിഷമതകൾ ഏറെയുള്ളത് സൂരജിനായിരുന്നു.
ദുഷ്കരമായ പാതയിലൂടെ സഞ്ചരിച്ച് പാകിസ്താൻ ബോർഡർ കണ്ടാണ് ഇവർ മടങ്ങിയത്. പോകുന്ന വഴിക്കൊക്കെ സ്കൂട്ടർ പണി മുടക്കിയെങ്കിലും ടീം ലീഡർ അമീറും ഹേമന്തുമടക്കം ഉള്ളവർ നൽകിയ ആത്മവിശ്വാസത്തിൽ വീണ്ടും യാത്ര തുടർന്നു.
പ്രതിബന്ധങ്ങളെ അതിജീവിച്ചുള്ള യാത്ര വിജയത്തിൽ എത്തിച്ചത് ഭിന്നശേഷി സമൂഹത്തിെൻറ സമ്പൂർണ ആക്സസബിലിറ്റി എന്ന സ്വപ്നം സമൂഹം ഏറ്റെടുത്ത് യാഥാർഥ്യമാക്കണം എന്ന ലക്ഷ്യം മുൻനിർത്തിയാണെന്ന് ഭിന്നശേഷിക്കാരുടെ സംഘടനയായ വോയ്സ് ഓഫ് ഡിസേബിൾഡ് ജനറൽ സെക്രട്ടറി കൂടിയായ സൂരജ് പറയുന്നു. കഴിഞ്ഞ വർഷം ഡൽഹിയിൽനിന്ന് ഹിമാചൽ പ്രദേശിലേക്ക് 800 കിലോമീറ്റർ അഞ്ച് ദിവസംകൊണ്ട് സൂരജ് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നു.
ഇപ്പോഴുള്ള വാഹനത്തിെൻറ കാര്യക്ഷമത കുറഞ്ഞതിനാൽ പുതിയൊരു വാഹനത്തിന് സ്പോൺസറെ തേടുകയാണ് സൂരജ്. അടുത്തു തന്നെ ഇന്ത്യ -നേപ്പാൾ ഭൂട്ടാൻ ട്രിപ് സ്കൂട്ടറിൽ നടത്താനുള്ള തയാറെടുപ്പ് ആരംഭിച്ചതായി ദമ്പതികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.