താലൂക്ക് ഓഫിസിൽ കയറിയ ‘സബ് കലക്ടറെ’ കോടതി വെറുതെവിട്ടു
text_fieldsകൊടുങ്ങല്ലൂർ: സബ് കലക്ടർ ചമഞ്ഞു തട്ടിപ്പുനടത്തിയെന്ന കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. മാള പൊയ്യ വട്ടകോട്ട ദേശത്ത് കാട്ടാശ്ശേരി വീട്ടിൽ ഷെഫീഖി(28)നെയാണ് കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.എൻ. ആശ വെറുതെ വിട്ടത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്ന വേളയിലാണ് കേസിനാസ്പദമായ സംഭവം. സബ് കലക്ടർ എന്ന ബോർഡും നീല ബീക്കൺ ലൈറ്റും ഘടിപ്പിച്ച കാറിൽ കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലേക്ക് ഷെഫീഖ് എത്തിയെന്നാണ് കേസ്. തഹസിൽദാരുടെ ചേമ്പറിൽ കയറിയിരുന്ന് പരിശോധന നടത്തി ഫയലുകൾ തീർപ്പാക്കാൻ നിർദേശം നൽകിയെന്നും പരാതിയിലുണ്ടായിരുന്നു. കൊടുങ്ങല്ലൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. സംഭവവേളയിൽ തഹസിൽദാർ ആയിരുന്ന കെ.വി. ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കേസ്സിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷികളുടെ മൊഴികൾ വിശ്വസിക്കത്തക്കതല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ കൊടുങ്ങല്ലൂർ സബ് ഇൻസ്പെക്‌ടർ ആരോപണ വിധേയൻ വന്നുവെന്ന് പറയുന്ന വാഹനം കാണുന്നതിനോ, സാക്ഷികളെ കാണിച്ചു തിരിച്ചറിയുന്നതിനോ പോലും യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നും കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. ഡി.ടി. വെങ്കിടേശ്വരൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.