കൊടിതോരണങ്ങൾക്കെതിരെ വീണ്ടും കോടതി; ആര് സ്ഥാപിച്ചെന്ന് നോക്കിയല്ല വിമർശനമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
text_fieldsകൊച്ചി: ആരാണ് സ്ഥാപിക്കുന്നതെന്നത് നോക്കിയല്ല, പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനെതിരെയാണ് വിമർശനമെന്ന് ഹൈകോടതി. ഒരുപാർട്ടിയുടെയും പേര് ഉത്തരവിൽ പറഞ്ഞിരുന്നില്ല. ജനാധിപത്യരാജ്യത്ത് റോഡ് സുരക്ഷനിയമം എല്ലാവർക്കും തുല്യമായി ബാധകമാണ്. ആർക്കെങ്കിലും ഇളവ് നൽകിയതായി അറിയില്ല. നിയമം നടപ്പാക്കുന്ന കാര്യത്തിലാണ് കോടതിക്ക് നിർബന്ധമുള്ളത്. നിയമവിധേയമായി പ്രവർത്തിക്കുന്ന കോടതിക്ക് പ്രത്യേക പരിഗണനകളൊന്നും വേണ്ടതില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങൾ സംബന്ധിച്ച കേസ് പരിഗണിക്കവെ, സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അനിയന്ത്രിതവും അനധികൃതവുമായി കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെ കോടതി നേരത്തേ പാർട്ടിയുടെ പേര് പറയാതെ വിമർശിച്ചിരുന്നു. സമ്മേളനത്തിൽ മുഖ്യമന്ത്രി പരോക്ഷമായി ഇതിന് മറുപടിയും പറഞ്ഞു. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കവെയാണ് കോടതിയുടെ പരാമർശമുണ്ടായത്.
സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കിയില്ലെന്ന റിപ്പോർട്ടാണ് കൊച്ചി കോർപറേഷൻ സമർപ്പിച്ചത്. റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, നിയമപരമായി പ്രവർത്തിക്കാൻ ഭയമുണ്ടെങ്കിൽ നഗരസഭ സെക്രട്ടറി തുറന്നുപറയണമെന്ന് ആവശ്യപ്പെട്ടു. ഭയം ഒരുകുറ്റമല്ല. ഭയമില്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. കൊടിതോരണങ്ങൾ സമ്മേളനം കഴിഞ്ഞ് പാർട്ടിക്കാർതന്നെ നീക്കിയെന്ന് നഗരസഭയുടെ അഭിഭാഷകൻ അറിയിച്ചപ്പോൾ ഇതിൽ സന്തോഷമുണ്ടെന്നും കോടതി പ്രതികരിച്ചു. ഉപയോഗശൂന്യമായ ഇവ എങ്ങനെ നശിപ്പിക്കുമെന്ന് ചോദിച്ചപ്പോൾ കൊടികളും മറ്റും പുനരുപയോഗിക്കാനാവുമെന്നായിരുന്നു അഭിഭാഷകന്‍റെ മറുപടി. നിങ്ങൾക്ക് സാധാരണക്കാർക്ക് നേരെ തിരിയാനേ അറിയൂവെന്നും നടപ്പാതകളിലെ കൈവരികളിൽ കൊടികൾ കെട്ടാൻ പ്ലാസ്റ്റിക് ടേപ്പുകളാണ് ഉപയോഗിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതാണോ നവകേരളം.
ചെന്നൈയിൽ പരസ്യ ബോർഡ് വീണ് രണ്ടുപേരാണ് മരിച്ചത്. ഇവിടെ അത്തരം സംഭവങ്ങൾ ഉണ്ടായിക്കൂടാ. നഗരത്തിന്റെ സൗന്ദര്യവത്കരണത്തിന് കോടികൾ ചെലവിടുമ്പോൾ ഇത്തരത്തിൽ നിയമലംഘനങ്ങൾ ഉണ്ടാവരുതെന്നും വ്യക്തമാക്കി.വിശദീകരണത്തിന് നഗരസഭ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ഹരജി വീണ്ടും ഈ മാസം 22ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.