പിതാവിന് കരൾ പകുത്തുനൽകാൻ 17കാരിക്ക് കോടതിയുടെ അനുമതി
text_fieldsകൊച്ചി: ഗുരുതര കരൾരോഗം ബാധിച്ച പിതാവിന് കരൾ പകുത്തുനൽകാൻ 17കാരിക്ക് ഹൈകോടതിയുടെ അനുമതി. ഗുരുതര കരൾരോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തൃശൂർ കോലഴി പള്ളിക്കര വീട്ടിൽ പ്രതീഷിന് കരൾ നൽകാനാണ് മകൾ ദേവനന്ദക്ക് ജസ്റ്റിസ് വി.ജി. അരുൺ അനുമതി നൽകിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിയമിച്ച വിദഗ്ധസമിതി രോഗിയുടെ ആരോഗ്യനില വിലയിരുത്തിയശേഷമാണ് ഉത്തരവ്.
അവയവ കൈമാറ്റ നിയന്ത്രണ നിയമപ്രകാരം പ്രായപൂർത്തിയാകാതെ അവയവദാനം സാധ്യമല്ലാത്ത സാഹചര്യത്തിലാണ് പെൺകുട്ടി പ്രത്യേകാനുമതി തേടി കോടതിയെ സമീപിച്ചത്. കരൾ നൽകാൻ അനുയോജ്യനായ ദാതാവിനുവേണ്ടി ഒട്ടേറെ ശ്രമം നടത്തിയെങ്കിലും ലഭ്യമായില്ല.
മകളുടെ കരൾ അനുയോജ്യമാണെന്ന് പരിശോധനയിൽ ബോധ്യമായെങ്കിലും മനുഷ്യാവയവങ്ങൾ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ 1994ലെ നിയമ പ്രകാരം പ്രായപൂർത്തിയാകാത്തത് അവയവ ദാനത്തിന് തടസ്സമായി. തുടർന്നാണ് ദേവനന്ദ ഹരജി നൽകിയത്.
കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിയമിച്ച വിദഗ്ധസമിതി രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. കരൾ സ്വീകരിക്കാൻ രോഗി യോഗ്യനല്ലെന്നായിരുന്നു (മിയാമി പ്രോട്ടോകോൾ പ്രകാരമായിരുന്നു പരിശോധന) ആദ്യ കണ്ടെത്തൽ. എന്നാൽ, രോഗിയുടെ നിലവിലെ അവസ്ഥയിൽ കോറോണ്ടോ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നിശ്ചയിക്കണമെന്നായിരുന്നു ഹരജിക്കാരിയുടെ ആവശ്യം.
തുടർന്ന് വിദഗ്ധ സമിതി വിപുലീകരിച്ച് രോഗിയുടെ ആരോഗ്യനില വിലയിരുത്തി കോടതിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. അച്ഛന്റെ ജീവൻ രക്ഷിക്കാൻ ദേവനന്ദ നടത്തിയ പോരാട്ടങ്ങളെ കോടതി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.