മുകേഷിന് ആശ്വാസം; അഞ്ച് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി
text_fieldsകൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അഞ്ചുദിവസത്തേക്ക് നടനും എം.എൽ.എയുമായ മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞു. സെപ്റ്റംബർ മൂന്നുവരെയാണ് സെഷൻസ്കോടതി കോടതി അറസ്റ്റ് തടഞ്ഞത്. മുകേഷിന്റെ ഹരജി പരിഗണിച്ചാണ് നടപടി. മുൻ കൂർ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ മൂന്നിന് വിശദ വാദം കേൾക്കും.
നിരവധി പേർ ലൈംഗികാരോപണമുന്നയിച്ച മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുകേഷ് രാജിെവക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം. സി.പി.എം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിനിമാ നയ രൂപവത്കരണ സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ മുകേഷിനെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മുകേഷിന്റെ രാജിക്കാര്യത്തിൽ സി.പി.ഐയിൽ ഭിന്നത നിലനിൽക്കുകയാണ്.
ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട കേസ് ആണെന്നാണ് മുകേഷ് പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കൈവശമുണ്ടെന്നും അതെല്ലാം കോടതിയില്‍ ഹാജരാക്കുമെന്നും മുകേഷ് അറിയിച്ചിരുന്നു.
മുകേഷിന്റെ രാജിക്കായി പ്രതിഷേധം കനത്തതോടെ വീടിന് സുരക്ഷ ശക്തമാക്കിയിരുന്നു. മെഡിക്കൽ കോളജ് പൊലീസാണ് സുരക്ഷ നൽകുന്നത്. അതേസമയം, മുകേഷ് തിരുവനന്തപുരത്തെ വീട്ടിൽ ഇല്ലെന്നും റിപ്പോർട്ടുണ്ട്. കൊല്ലം പട്ടത്താനത്തുള്ള വീട്ടിലേക്കും പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം നടത്തിയിട്ടുണ്ട്.
മുകേഷിനെതിരായ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മരട് പൊലീസ് ആണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇക്കഴിഞ്ഞ 26ാം തീയതിയാണ് മുകേഷ് ഉൾപ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഭാരതീയ നിയമസംഹിത 354 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായാണ് നടിയുടെ ആരോപണം. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്. എന്നാൽ, രാഷ്ട്രീയപരമായ ആരോപണമാണ് തനിക്കെതിരെയെന്നും നടി മുമ്പ് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചുവെന്നും മുകേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.