എന്തിനായിരുന്നു ആ കോലാഹലം: സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിൽ കോടതി
text_fieldsകൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്‍റെ പേരിൽ ഇത്രയും കോലാഹലങ്ങൾ എന്തിനായിരുന്നെന്ന് ഹൈകോടതി. ഇത് നിശ്ശബ്ദമായും നടത്താമായിരുന്നു. പോർവിളിയോടെയല്ല വികസന പദ്ധതികൾ നടപ്പാക്കേണ്ടത്. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലൊക്കെ എവിടെ കൊണ്ടുപോയി വെച്ചെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സാമൂഹികാഘാത പഠനത്തിന് എതിർപ്പ് ഉന്നയിക്കുന്ന സ്ഥലത്ത് കല്ലിടുന്നില്ലെന്നും അവിടെ ജിയോ ടാഗ് വഴി സർവേ നടത്തുകയാണെന്നും സ്പെഷൽ ഗവ. പ്ലീഡർ അറിയിച്ചപ്പോഴാണ് കോടതിയുടെ പരാമർശമുണ്ടായത്.
നോട്ടീസ് നൽകാതെ സർവേക്കായി എത്തുന്നതും കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നതും ചോദ്യം ചെയ്യുന്ന ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. സർക്കാർ വിശദീകരണത്തെ തുടർന്ന് ഹരജികൾ വീണ്ടും ജൂൺ രണ്ടിന് പരിഗണിക്കാൻ മാറ്റി. ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം പദ്ധതികൾ നടപ്പാക്കാനെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും കോടതിയുടെ നിർദേശങ്ങൾ ഫലം കാണുകയാണെന്നും വിലയിരുത്തിയാണ് ഹരജികൾ മാറ്റിയത്. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് തടഞ്ഞ് നേരത്തേയുള്ള ഇടക്കാല കോടതിവിധി മറികടക്കാൻ സർവേ ഡയറക്ടർ ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച് സർക്കാറിന്‍റെ വിശദീകരണവും തേടി.
സാമൂഹികാഘാത പഠനം പൂർത്തിയാകും മുമ്പേ എന്തിനാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി ഉദ്യോഗസ്ഥരെ നിയമിച്ചതെന്ന് കോടതി ആരാഞ്ഞു. വലിയ കല്ലിട്ടതിന്റെ കാരണം ഇപ്പോഴും ആരും പറയുന്നില്ല. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ടതില്ലെന്നാണ് കോടതി ആദ്യം മുതൽ പറയുന്നത്. അങ്ങനെയായിരുന്നെങ്കിൽ ഇത്തരത്തിലുള്ള എതിർപ്പ് ഉണ്ടാകുമായിരുന്നില്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതിനുപോലും ഇത് തടസ്സമായെന്നും കോടതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.