മഹേശെൻറ ആത്മഹത്യ: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം
text_fieldsആലപ്പുഴ: എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശെൻറ ആത്മഹത്യയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, സഹായിയും മാനേജറുമായ കെ.എൽ. അശോകൻ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം.
മഹേശെൻറ ഭാര്യ പി. ഉഷാദേവി നൽകിയ ഹരജിയിൽ ആലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി രഞ്ജിനി തങ്കപ്പനാണ് ഉത്തരവിട്ടത്. ജൂൺ 24ന് രാവിലെയാണ് മൈക്രോഫിനാൻസ് കോഓഡിനേറ്റർ കൂടിയായിരുന്ന മഹേശൻ (54) കണിച്ചുകുളങ്ങര യൂനിയൻ ഓഫിസിൽ തൂങ്ങിമരിച്ചത്. അന്നുതന്നെ ആത്മഹത്യകുറിപ്പും ഏതാനും കത്തുകളും പൊലീസ് കണ്ടെത്തിയിരുന്നു.
31 വർഷം വെള്ളാപ്പള്ളിയുടെ വിശ്വസ്തനായി പ്രവർത്തിച്ച മഹേശന് കോടികളുടെ ഇടപാടുകളെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്ന 32 പേജുള്ള കത്ത് ജൂൺ14ന് വെള്ളാപ്പള്ളി നടേശന് കൈമാറിയിരുന്നു. എന്നാൽ, മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും പ്രതിയാക്കാൻ ഭരണതലത്തിലും പൊലീസിലും സ്വാധീനമുള്ളവർ ഗൂഢാലോചന നടത്തുകയായിരുന്നു.
ഇതിെൻറ ഭാഗമായി, മരിക്കുന്നതിെൻറ തലേന്ന് ക്രൈംബ്രാഞ്ച് മണിക്കൂറുകൾ ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യയെന്ന് കുടുംബം ഹരജിയിൽ ആരോപിക്കുന്നു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, എറണാകുളം റേഞ്ച് ഐ.ജി, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയും സഹായി കെ.എൽ. അശോകനെ രണ്ടാംപ്രതിയും തുഷാർ വെള്ളാപ്പള്ളിയെ മൂന്നാംപ്രതിയുമാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്.
കേസിൽ മാരാരിക്കുളം പൊലീസ് എഫ്.ഐ.ആർ തയാറാക്കാനും നിർദേശം നൽകി. വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് സി.ഐക്കും എഴുതിയ കത്തുകൾ മരിക്കുന്നതിന് തൊട്ടുമുമ്പ് മഹേശൻ സമൂഹ മാധ്യമങ്ങളിൽ പങ്കുെവച്ചിരുന്നു. മുഖ്യമന്ത്രിക്ക് ബന്ധുക്കൾ നൽകിയ പരാതിയിൽ ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ അന്വേഷണവും നടത്തിയിരുന്നു.
ഹരജിയിൽ വെള്ളാപ്പള്ളിക്കും കൂട്ടർക്കുമെതിരെ ഗുരുതര ആരോപണം
മഹേശെൻറ ഭാര്യയുടെ ഹരജിയിൽ വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണം. എൽ.ടി.ടി.ഇ ബന്ധം, കള്ളപ്പണം വെളുപ്പിക്കൽ, നിയമനങ്ങളിൽ കോടികളുടെ കോഴ തുടങ്ങി നിരവധി ആരോപണങ്ങൾ നിരത്തിയാണ് മഹേശെൻറ ഭാര്യ പി. ഉഷാദേവി ആലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതിയിൽ വെള്ളാപ്പള്ളിക്കും കൂട്ടർക്കുമെതിരെ ഹരജി നൽകിയത്. മഹേശെൻറ ആത്മഹത്യക്കുറിപ്പും മറ്റ് കത്തുകളും പരാമർശിച്ചാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. വിവാദമായ എൽ.ടി.ടി.ഇ ബന്ധവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അനധികൃത വയർെലസ് സെറ്റ് സംബന്ധിച്ച വിവരങ്ങൾ അറിയാവുന്ന കാര്യവും സൂചിപ്പിക്കുന്നുണ്ട്.
കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡൻറുപദം ദുരുപയോഗം ചെയ്ത് കണക്കിൽപെടാത്ത പണവും സ്വർണബിസ്കറ്റുകളും ദേവസ്വം ലോക്കറിൽ സൂക്ഷിച്ചത് സംബന്ധിച്ചും ഇക്കാര്യങ്ങൾ മഹേശന് അറിയാമായിരുെന്നന്നും ഉഷാദേവി പറയുന്നുണ്ട്. കള്ളുഷാപ്പ് ബിനാമി ഇടപാടുകളെക്കുറിച്ചും വ്യാജമദ്യനിർമാണത്തെക്കുറിച്ചും മഹേശെൻറ കത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയതായും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. തെളിവുകൾക്ക് 14 പ്രമാണങ്ങളും സമർപ്പിച്ചിട്ടുണ്ട്.
കുടുംബം വിറ്റും കേസ് നടത്തുമെന്ന് മഹേശെൻറ ഭാര്യ
വെള്ളാപ്പള്ളി നടേശനും മകൻ തുഷാറിനുമെതിരെ കേസെടുക്കണമെന്ന് നിർദേശിക്കുന്ന കോടതിവിധിയിൽ കെ.കെ. മഹേശെൻറ ഭാര്യ പി. ഉഷാദേവി സന്തോഷം രേഖപ്പെടുത്തി. കുടുംബം വിറ്റിട്ടായാലും കേസുമായി ഏതറ്റംവരെയും പോകും. മഹേശൻ അപഹരിച്ചെന്ന് പറയുന്ന പണമെവിടെയെന്ന് ചോദിച്ച അവർ, മരണശേഷം കുടുംബത്തെ അവഹേളിക്കുന്ന രീതിയിലാണ് വെള്ളാപ്പള്ളിയും മകനും പറഞ്ഞുപരത്തുന്നതെന്ന് കുറ്റപ്പെടുത്തി.
ഇതിനെല്ലാം വെള്ളാപ്പള്ളിക്ക് തിരിച്ചടിയുണ്ടാകും. വെള്ളാപ്പള്ളിക്ക് പകരം ഒരു സാധാരണക്കാരനാണ് എതിർകക്ഷിയെങ്കിൽ ആത്മഹത്യക്കുറിപ്പിലെ പരാമർശങ്ങൾ മുൻനിർത്തി ജയിലിൽ കിടന്നേേന. പൊലീസ് അതിന് തുനിയാതെ കുടുംബത്തെ വേട്ടയാടുകയായിരുന്നു. ആർക്കും ഇനി ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്ന് അവർ കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയും തുഷാറും മാധ്യമങ്ങൾക്ക് മുന്നിൽ ഒന്നും പറയാതെ ഒഴിഞ്ഞുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.