തൊണ്ടി സ്പിരിറ്റ് മോഷ്ടിച്ച് കടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് കോടതി
text_fieldsതിരുവനന്തപുരം: തൊണ്ടി സ്പിരിറ്റ് എക്സൈസ് ഉദ്യോഗസ്ഥർ മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ എക്സൈസ് ഇൻസ്പെക്ടറടക്കം ആറ് ഉദ്യോഗസ്ഥർക്കെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി ഉത്തരവിട്ടു. പ്രാരംഭ അന്വേഷണ റിപ്പോർട്ട് 60 ദിവസത്തിനകം ഹാജരാക്കാൻ വിജിലൻസ് ഡയറക്ടർക്ക് വിജിലൻസ് ജഡ്ജി ജി. ഗോപകുമാർ ഉത്തരവ് നൽകി.
പത്തനംതിട്ട മല്ലപ്പളളി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. സാജു, എക്സൈസ് പ്രിവന്റീവ് ഓഫിസർ സച്ചിൻ സെബാസ്റ്റ്യൻ, എക്സൈസ് ഡ്രൈവർ പി.ജി. വിശ്വനാഥൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വി. പ്രദീപ് കുമാർ, എസ്. ഷൈൻ, ജി. പ്രവീൺ എന്നിവർക്കെതിരെ അഴിമതി, വ്യാജ എഫ്.ഐ.ആർ ചമയ്ക്കൽ, കണക്കുകളുടെ വ്യാജീകരണം, തെളിവ് നശിപ്പിക്കൽ എന്നീ ഗൗരവമേറിയ കുറ്റങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്യാനാണ് ഉത്തരവ്.
സംഭവത്തിൽ വിജിലൻസ് കേസ് വേണ്ടെന്നും ഉദ്യോഗസ്ഥർക്കെതിരെ നികുതി വകുപ്പ് മുഖേന വകുപ്പ്തല നടപടി മതിയെന്നുള്ള വിജിലൻസ് എസ്.പി കെ.ഇ. ബൈജുവിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. എസ്.പിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തൊണ്ടിമുതലിന്‍റെ ദുരുപയോഗം, വ്യാജ എഫ്.ഐ.ആർ രേഖ ചമക്കൽ എന്നീ കുറ്റങ്ങൾക്ക് കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി വേണ്ടെന്നും വിജിലൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കി. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശി പി. നാഗരാജ അർപ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി ഉത്തരവ്.
2018 ഒക്ടോബർ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട ജില്ല സെഷൻസ് കോടതിയിൽ നിന്ന് തീർന്ന കേസിലെ തൊണ്ടിമുതലായ സ്പിരിറ്റ് എക്സൈസ് ഡിസ്പോസൽ കമ്മിറ്റി മുമ്പാകെ നശിപ്പിച്ച് കോടതിയ്ക്ക് റിപ്പോർട്ട് നൽകാനായി മല്ലപ്പളളി എക്സൈസ് റെയ്ഞ്ചിന് കൈമാറി. ഇതാണ് ഓഫിസിൽ നിന്നും ഡിപ്പാർട്ട്മെന്‍റ് വാഹനത്തിൽ തന്നെ കടത്തിക്കൊണ്ട് പോയത്. ഇതാണ് മല്ലപ്പള്ളി ടൗണിൽ വച്ച് ഹർത്താലനുകൂലികൾ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.