ത്വലാഖ് ചൊല്ലിയ ഭാര്യക്ക് 31.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsകൊച്ചി: ത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ഭർത്താവ് 31.68 ലക്ഷം രൂപ നൽകണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈകോടതി ശരിവെച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം കേസിൽ ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം വിധിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2008ൽ വിവാഹിതരായ ഇരുവരും 2013ൽ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. ദോഹയിൽ രണ്ടുലക്ഷം രൂപ ശമ്പളത്തിൽ ജോലിചെയ്യുന്ന ഭർത്താവിൽനിന്ന് ഭാവി ജീവിതത്തിനായി ഒരുകോടിയും മറ്റൊരു വിവാഹം കഴിക്കുന്നതുവരെയുള്ള കാലയളവിൽ മുസ്ലിം വനിത സംരക്ഷണ നിയമപ്രകാരം ജീവനാംശമായി 1.50 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്.
കോടതി ഹരജിക്കാരിക്കും മകനും ജീവിക്കാൻ പ്രതിമാസം 33,000 രൂപ വേണമെന്ന് വിലയിരുത്തി എട്ടുവർഷത്തെ തുക കണക്കാക്കി 31.68 ലക്ഷം രൂപ ജീവനാംശം നൽകാൻ ഉത്തരവിട്ടു. ഇതിനെതിരെ ഭർത്താവ് നൽകിയ ഹരജിയിൽ എറണാകുളം അഡീ. സെഷൻസ് കോടതി ഈ ഉത്തരവ് റദ്ദാക്കി ഹരജി വീണ്ടും പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരിച്ചുവിട്ടു. രണ്ടുലക്ഷം രൂപ ശമ്പളമുണ്ടെന്ന ഹരജിക്കാരിയുടെ വാദം തെറ്റാണെന്ന ഭർത്താവിന്റെ വാദം കണക്കിലെടുത്തായിരുന്നു ഈ നടപടി.
തുടർന്ന് 31.68 ലക്ഷം നൽകാനുള്ള വിധി അഡീ. സെഷൻസ് കോടതി റദ്ദാക്കിയതിനെതിരെ യുവതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഹരജിക്കാരിക്കും മകനുമുള്ള ജീവനാംശം മജിസ്ട്രേറ്റ് കോടതി വിലയിരുത്തിയതിൽ അപാകതയില്ലെന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.