സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
text_fieldsതിരുവല്ല: ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തിൽ മുൻമന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിന് നിർദേശം നൽകിയത്.
കൊച്ചി സ്വദേശിയും അഭിഭാഷകനുമായ ബൈജു നോയൽ നൽകിയ ഹർജിയിലാണ് കോടതി നിർദേശം. സി.ആർ.പി.സി 156/ 3 പ്രകാരമാണ് കോടതി ഇടപെടൽ. കീഴ്വായ്പൂർ പൊലീസ് വൈകാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും.
ദേശാഭിമാനം വ്രണപ്പെടുത്തുന്നതാണ് സജി ചെറിയാൻ നടത്തിയ പരാമർശങ്ങൾ എന്നും ഇന്നലെ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നുമുളള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ബൈജു നോയൽ ഹർജി സമർപ്പിച്ചത്. ഇതിന്മേലാണ് ജഡ്ജി രേഷ്മ ശശിധരൻ കേസെടുക്കാൻ നിർദേശം നൽകിയത്.
മന്ത്രി കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. 'ഈ രാജ്യത്ത് ജനങ്ങളെ ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്' -എന്നുതുടങ്ങുന്നതായിരുന്നു പ്രസംഗം. പ്രസംഗം വിവാദത്തിലായതിനെ തുടർന്ന് ഇന്ന് വൈകീട്ടാണ് മന്ത്രി സജി ചെറിയാൻ രാജിവെച്ചത്.
പൊന്നാനി പൊലീസിലും പരാതി
പൊന്നാനി: ഭരണഘടനക്കെതിരായി പ്രസംഗിച്ച മുന്‍ മന്ത്രി സജി ചെറിയാനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി പൊലീസില്‍ അഭിഭാഷകരുടെ പരാതി. പൊന്നാനി സ്വദേശികളായ സി. അനില്‍, സി. കുഞ്ഞഹമ്മദ് എന്നിവരാണ് പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.