വാദി അറിയാതെ കേസ് പിൻവലിച്ചു: രണ്ടര പതിറ്റാണ്ടിനുശേഷം പുനർവിചാരണയിൽ ശിക്ഷ
text_fields
തൃശൂര്‍: രണ്ടര പതിറ്റാണ്ട് നീണ്ട വ്യവഹാരത്തിന് പരിസമാപ്തി. വാദി അറിയാതെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കൊടുങ്ങല്ലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി പിന്‍വലിച്ച് ഇല്ലാതാക്കിയ കേസില്‍ പുനർവിചാരണയിൽ പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവിനും 20,000 വീതം പിഴക്കും ഇരിങ്ങാലക്കുട അഡീഷനല്‍ അസി. സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. പിഴസംഖ്യയിൽനിന്ന് ലക്ഷം രൂപ പരിക്കേറ്റയാൾക്ക് നൽകാനും ഉത്തരവിട്ടു. ഹൈകോടതി നിർേദശത്തെ തുടർന്ന് ഇക്കഴിഞ്ഞ നവംബറിലാണ് വീണ്ടും വിചാരണ തുടങ്ങിയത്.
ചളിങ്ങാട് പുഴങ്കര ഇല്ലത്ത് അബ്ദുല്‍ഖാദര്‍ (ഇല്ലു), പുഴങ്കര ഇല്ലത്ത് സാദത്ത്, പുഴങ്കര ഇല്ലത്ത് ഷഫീഖ്, പള്ളിപ്പറമ്പില്‍ റാസിഖ്, പള്ളിപ്പറമ്പില്‍ റഹീം, തേപറമ്പില്‍ സലീം എന്നിവരെയാണ് ശിക്ഷിച്ചത്. ഒന്നാംപ്രതി ചളിങ്ങാട് വൈപ്പിന്‍പാടത്ത് ബഷീറിനെ നേരേത്ത ശിക്ഷിച്ചിരുന്നു. ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമായിരുന്നു പുനർവിചാരണ എന്നതും സവിശേഷതയാണ്.
1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിെൻറ പിറ്റേന്നാണ് കേസിനാസ്പദ സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ചളിങ്ങാട് പടിഞ്ഞാറേ വീട്ടില്‍ അബ്ദുല്‍ റസാഖിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബഷീര്‍, അബ്ദുല്‍ഖാദര്‍ (ഇല്ലു), സാദത്ത്, ഷഫീഖ്, റാസിഖ്, റഹീം, സലീം എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. മതിലകം പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് പിന്‍വലിച്ചത് ഏറെ വിവാദമായിരുന്നു. വാദിയറിയാതെ കേസ് പിന്‍വലിച്ചതിനെതിരെ അബ്ദുല്‍ റസാഖ് ഹൈകോടതിയെ സമീപിച്ചതില്‍ കേസ് പുനരേറ്റെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് നവംബറിൽ വീണ്ടും വിചാരണ തുടങ്ങിയത്. 20 സാക്ഷികളില്‍, വിചാരണക്കാലയളവിൽ മരിച്ച രണ്ട് പേരൊഴികെയുള്ളവരെയെല്ലാം വിസ്തരിച്ചു.
‘‘വിധിയിൽ തൃപ്തനല്ല; കോടതിയോടുള്ള ജനവിശ്വാസം ഉറപ്പിക്കാനായതിൽ സന്തോഷം’’
തൃശൂര്‍: വിധിയിൽ പൂർണതൃപ്തനല്ലെന്നും, എന്നാൽ കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ കഴിയുന്ന വിധത്തിൽ വിധിയുണ്ടായതിൽ സന്തോഷിക്കുന്നുവെന്നും 25 വര്‍ഷം പിന്നിട്ട നിയമ പോരാട്ടത്തിെൻറ വിധിയോട് കേസിലെ ഇര റസാഖ് പ്രതികരിച്ചു. ഇത്രയും ക്രൂരമായ നിന്ദക്ക് ഈ വിധി മതിയാകുന്നതല്ല. കാൽ നൂറ്റാണ്ട് നീണ്ട പോരാട്ടം നിയമത്തോടും നീതിപീഠത്തോടുമുള്ള വിശ്വാസത്തിലായിരുന്നു. പ്രതീക്ഷിച്ച വിധിയുണ്ടായില്ലെങ്കിലും, ഉന്നത ഇടപെടലോടെ ഇല്ലാതാക്കിയ കേസിൽ, ഹൈകോടതിയുടെ ഇടപെടലോടെ പുനർവിചാരണയും ശിക്ഷയും നടപ്പാക്കിയ നീതിപീഠത്തോട് ജനങ്ങൾക്ക് വിശ്വാസം ഏറുന്നതാണ്. അതിന് താൻ നിമിത്തമായതിലും തെൻറ കേസ് കാരണമായതിലും സന്തോഷമുണ്ടെന്നും റസാഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.