സ്വപ്നയുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ചിനും വിജിലൻസിനും നൽകാനാവില്ലെന്ന് കോടതി
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും വിജിലൻസും സമർപ്പിച്ച ഹരജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ആവശ്യം അംഗീകരിക്കരുതെന്ന സ്വപ്നയുടെ അഭിഭാഷകന്‍റെ വാദം അംഗീകരിച്ചാണ് നടപടി.
രഹസ്യമൊഴിയുടെ ആവശ്യമെന്താണെന്ന് കോടതിയും സ്വപ്നയുടെ അഭിഭാഷകനും ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. തിരുവനന്തപുരം കന്റോൺമെൻറ് പൊലീസ് സ്വപ്നക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കേസിലെ അന്വേഷണത്തിന് രഹസ്യമൊഴി അത്യാവശ്യമാണെന്നായിരുന്നു മറുപടി. തെളിവുകള്‍ പുറത്തുകൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണമെന്നും ഗൂഢാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്നക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു. സ്വപ്നയുടെ സത്യവാങ്മൂലം പുറത്തുപോയതിലും അന്വേഷണം വേണം. സ്വപ്നയുടെ അഭിഭാഷകര്‍തന്നെയാണ് ഇത് പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
കേസില്‍ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുകയാണെന്ന് കോടതി പറഞ്ഞു. രഹസ്യമൊഴി നൽകരുതെന്ന് ഇ.ഡിയുടെ അഭിഭാഷകനും ബോധിപ്പിച്ചു. ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതിയുടെ പരിഗണനയിലായതിനാൽ മൊഴി നൽകരുതെന്നായിരുന്നു സ്വപ്നയുടെ ആവശ്യം.
അതിനിടെ, സ്വപ്നക്ക് സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന് കത്ത് നൽകിയതായും ഒരാഴ്ച സമയം നൽകണമെന്നും ഇ.ഡിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതേതുടർന്ന് കേസ് പരിഗണിക്കുന്നത് 22 ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.