Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമരം തുടർന്നാൽ...

സമരം തുടർന്നാൽ ഇടപെടില്ലെന്ന് കോടതി; കെ.എസ്.ആർ.ടി.സി ബസുകൾ ക്ലാസ്മുറികളാക്കുന്നതിൽ വിമർശനം

text_fields
bookmark_border
ksrtc
cancel

കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകൾ ക്ലാസ് മുറികളാക്കുന്നത് നിർത്തി അവ സർവിസിന് ഉപയോഗിക്കണമെന്ന് ഹൈകോടതി. എത്രകാലം കുട്ടികളെ ഇങ്ങനെ പഠിപ്പിക്കാൻ കഴിയും. ചിലരുടെ താൽപര്യം സംരക്ഷിക്കാൻ ചിലത് ചെയ്ത് അവസാനം ബാധ്യതയാവുകയാണ്. സ്ഥാപനം നന്നായി കൊണ്ടുപോകാൻ ചിലർക്ക് താൽപര്യമില്ല. ശമ്പളവും പെൻഷനും നൽകാൻ വായ്‌പയെടുക്കുന്ന കമ്പനി എങ്ങനെ മുന്നോട്ടുപോകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു.

ശമ്പളം വൈകുന്നതിനെതിരായ ഹരജി പരിഗണിക്കവേയായിരുന്നു ഈ നിരീക്ഷണം. സമരം തുടരുകയാണെങ്കിൽ ഈ വിഷയത്തിൽ ഇടപെടില്ല. കോടതിയിൽ വിശ്വാസമുണ്ടെങ്കിൽ സമരം തുടരരുത്. ഒരു മാസം 180 കോടി രൂപയാണ് കോർപറേഷന്‍റെ വരുമാനം. ഇതിൽ ഡീസലിന് 92 കോടി വേണം. ബസുകൾ യാർഡുകളിൽ കിടന്ന് തുരുമ്പെടുക്കുന്നു. കെ.എസ്.ആർ.ടി.സിയുടെ വിശദീകരണത്തിൽ ബാധ്യതകളുടെയും പരാധീനതകളുടെയും വിവരങ്ങൾ മാത്രമാണുള്ളത്. ജീവനക്കാർക്ക് ശമ്പളത്തെക്കുറിച്ച് മാത്രമാണ് ആശങ്ക. മറ്റ് ആശങ്കകൾ മാനേജ്മെന്‍റിനാണ് ഉണ്ടാകേണ്ടത്. നഷ്ടത്തിലായിരുന്ന എയർ ഇന്ത്യ മറ്റൊരാൾ ഏറ്റെടുത്തപ്പോൾ എങ്ങനെയാണ് ലാഭത്തിലായത്. 10 വർഷമായി കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണെന്ന് പറയുന്നു. ഇത് പരിഹരിക്കാനാണ് നടപടിയുണ്ടാകേണ്ടത്. ബസുകൾ തുരുമ്പ് വിലയ്ക്ക് വിൽക്കുകയല്ല, സർവിസ് നടത്തി നേട്ടമുണ്ടാക്കുകയാണ് വേണ്ടത്. ഇങ്ങനെ പോയാൽ ഇടിച്ചു നിൽക്കും. ഇതിൽനിന്ന് തലയൂരാൻ നോക്കുകയല്ല സർക്കാർ ചെയ്യേണ്ടത്.

2020ൽ തമിഴ്‌നാട്ടിലെ അവിനാശിയിലുണ്ടായ ബസപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ വി.ഡി. ഗിരീഷ്, കണ്ടക്‌ടർ വി.ആർ. ബൈജു എന്നിവർ ഏറ്റവും മികച്ച ജീവനക്കാരായിരുന്നുവെന്ന് കോടതി അനുസ്മരിച്ചു. ഒരിക്കൽ യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിൽ എത്തിക്കാനും പരിചരിക്കാനും അവർ മനസ്സുകാട്ടി. ജീവനക്കാരായാൽ അങ്ങനെ വേണം. മിണ്ടിയാൽ അവകാശത്തെക്കുറിച്ചുമാത്രം പറയുന്നവർ ഇവരുടെ സേവനങ്ങൾ വിസ്മരിക്കരുതെന്നും കോടതി പറഞ്ഞു.

മാനേജ്മെന്‍റ് സമ്മർദത്തിൽ; ഓവർ ഡ്രാഫ്റ്റിന് ശ്രമം

തിരുവനന്തപുരം: ശമ്പളവിതരണം സംബന്ധിച്ച ഹൈകോടതി പരാമർശങ്ങളോടെ കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് കൂടുതൽ സമ്മർദത്തിൽ. 82.5 കോടി രൂപ ശമ്പള വിതരണത്തിന് വേണമെന്നിരിക്കെ, പണം കണ്ടെത്താനാകാതെ വട്ടം കറങ്ങുകയാണ് മാനേജ്മെന്‍റ്. കഴിഞ്ഞമാസം ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകിയത്. ഇത്തവണത്തെ ശമ്പളത്തിനായി സർക്കാർ അനുവദിച്ച 30 കോടി കഴിഞ്ഞമാസത്തെ ഒ.ഡി തിരിച്ചടവിനായി വിനിയോഗിച്ചു. ഇനിയും എട്ടുകോടി തിരിച്ചടയ്ക്കാനുണ്ട്. ഇത് പൂർത്തിയായാൽ മാത്രമേ അടുത്ത ഓവർ ഡ്രാഫ്റ്റ് ലഭിക്കൂ.

45 കോടി രൂപ ഓവർ ഡ്രാഫ്റ്റെടുത്തും ശേഷിക്കുന്ന തുക പ്രതിദിന കലക്ഷനിൽനിന്ന് മിച്ചം പിടിച്ചും മേയിലെ ശമ്പളം വിതരണം ചെയ്യാനാണ് ശ്രമം. എന്നാൽ, ഇതിനുള്ള വഴിതെളിയാൻ ഇനിയും ഒരാഴ്ചയിലധികമെടുക്കും. അധിക ധനസഹായം നൽകാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ആ വഴിക്കുള്ള പ്രതീക്ഷയുമില്ല. ഗതാഗതമന്ത്രിയാകട്ടെ, വൈറൽ പനിമൂലം വിശ്രമത്തിലുമാണ്.

മേയിലെ കലക്ഷൻ വരുമാനം സർക്കാർ ധനസഹായവും ചേർത്ത് 220 കോടിയോളം കൈവശമെത്തിയെങ്കിയും വായ്പ തിരിച്ചടവും ഇന്ധനച്ചെലവും നിമിത്തം ശമ്പളത്തിന് പണം കണ്ടെത്താനാകുന്നില്ലെന്നാണ് കോർപറേഷൻ നിലപാട്. ഇന്ധനച്ചെലവിൽ ഒരു വിഹിതം സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി സി.ഐ.ടി.യു രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, കെ.എസ്.ആർ.ടി.സിയിലെ യൂനിയനുകളെല്ലാം സമരമുഖത്താണ്. സി.ഐ.ടി.യുവിന്‍റെയും ഐ.എന്‍.ടി.യു.സിയുടെയും ചീഫ് ഓഫിസിനു മുന്നിലെ സമരം മൂന്നു ദിവസം പിന്നിട്ടു. ബി.എം.എസ് സെക്രട്ടേറിയറ്റിനു മുന്നിലും സമരത്തിലാണ്. 'സേവ് കെ.എസ്.ആർ.ടി.സി, സേവ് എംപ്ലോയീസ്' മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചാണ് എ.ഐ.ടി.യു.സിയുടെ സമരനീക്കം. പന്ന്യൻ രവീന്ദ്രനാണ് ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - Court says it will not intervene if strike continues
Next Story