അഭിഭാഷകയെ ലൈംഗികമായി ആക്ഷേപിച്ച അഭിഭാഷകന് ആറ് മാസം തടവും പിഴയും
text_fieldsമാഹി: വനിത അഭിഭാഷകയെ ലൈംഗികമായി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ മാഹിയിലെ അഭിഭാഷകന് ആറ് മാസം തടവും 2,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2,000 രൂപ പിഴ ഒടുക്കാത്ത പക്ഷം ഒരാഴ്ച കൂടി തടവ് ശിക്ഷ അനുഭവിക്കണം. പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ കളഭത്തിൽ അഡ്വ. ടി.സി. വത്സരാജനെ(49)യാണ് മാഹി ജില്ലാ മുൻസിഫ് കം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
അഡ്വ. ടി.സി.വത്സരാജൻ മോശമായ പദപ്രയോഗം നടത്തിയെന്ന് 2016 ജൂലായ് 14നാണ് അഭിഭാഷക പള്ളൂർ പൊലീസിൽ പരാതി നൽകിയത്. വത്സരാജിൻറെ പറമ്പിൻറെ കിഴക്ക് ഭാഗത്തുള്ള നഗരസഭയുടെ കൈത്തോട് സംബന്ധിച്ച വിഷയത്തിൽ മാഹി മുൻസിഫ് കോടതിയിലെ സിവിൽ കേസിൻറെ ഭാഗമായി സ്ഥലം പരിശോധിക്കാൻ കോടതി ചുമതലപ്പെടുത്തിയ അഡ്വക്കറ്റ് കമ്മിഷൻ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം.
2016 ജൂലായ് 13 ന് കമ്മീഷൻ എത്തിയപ്പോൾ പരാതിക്കാരിയായ അഭിഭാഷകയുടെ വീട്ട് മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. ഇതിൻ്റെ ഫോട്ടോ എടുക്കണമെന്ന് പരാതിക്കാരി കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ തുടർച്ചയായായാണ് ടി.സി.വത്സരാജ് പരാതിക്കാരിക്കെതിരെ മോശമായ പദപ്രയോഗം നടത്തിയത്. മാഹി കോടതിയിലെ കേസ് വത്സരാജ് പുതുച്ചേരി ജില്ലാ കോടതിയിലേക്ക് മാറ്റാൻ ശ്രമിച്ചു. എന്നാൽ ട്രാൻസ്ഫർ പെറ്റീഷൻ കോടതി തള്ളി. പിന്നിട് ഇതിനെതിരെ മദ്രാസ് ഹൈകോടതിയേയും സമീപിച്ചു. ഒടുവിൽ മാഹി കോടതിയിലേക്ക് തന്നെ കേസ് മാറ്റുകയായിരുന്നു. വിവിധ കോടതികളിൽ കയറിയിറങ്ങിയ കേസ് ആറ് വർഷത്തിന് ശേഷം 2022 ജൂണിലാണ് മാഹി കോടതിയിൽ എത്തി വിചാരണ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.