ജാനുവിന് കോഴ: കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
text_fieldsകൽപറ്റ: സി.കെ. ജാനുവിനെ എൻ.ഡി.എയിലെത്തിക്കാനും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നൽകിയെന്ന ആരോപണത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപറ്റ കോടതി ഉത്തരവ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് നൽകിയ ഹരജിയിലാണ് കൽപറ്റ മജിസ്ട്രേട്ട് കോടതി ബത്തേരി പൊലീസിന് നിർദേശം നൽകിയത്.
ജനാധിപത്യ രാഷ്ട്രീയപാർട്ടി (ജെ.ആർ.പി) മുൻ സംസ്ഥാന അധ്യക്ഷ കൂടിയായ ജാനുവിനെതിരെ േകസെടുക്കാനും കോടതി നിർദേശിച്ചു. ഐ.പി.സി 171 ഇ, 171 എഫ് വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ജാനുവിന് പണം നൽകിയതിന് തെളിവായി സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖ കഴിഞ്ഞദിവസങ്ങളിൽ ജെ.ആർ.പി ട്രഷറർ പ്രസീത പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂൺ മൂന്നിന് ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും തുടർ നടപടികളില്ലാതെ വന്നതോടെയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
കേസിലെ സാക്ഷി പ്രസീത പുറത്തുവിട്ട ശബ്ദസന്ദേശങ്ങളും ബി.സി. ബാബുവിെൻറ ആരോപണങ്ങളും സംഭവം നടക്കുമ്പോൾ ഉപയോഗിച്ച ഫോൺ ടവർ ലൊക്കേഷനും പണം കൈമാറിയെന്ന് പറയപ്പെടുന്ന ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
ഹൈകോടതി അഭിഭാഷകൻ പി.ഇ. സജൽ മുഖേനയാണ് ഹരജി നൽകിയത്. കോടതി ഉത്തരവിനെ സ്വാഗതംചെയ്ത പ്രസീത, അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി. നേരത്തെ, മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരക്ക് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.