തൊഴിലാളികളോട് കോടതി; കെ.എസ്.ആർ.ടി.സിയെ കൂടുതൽ പ്രതിസന്ധിയിലാക്കരുത്
text_fieldsകൊച്ചി: എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം ഉറപ്പാക്കാൻ ഇടപെട്ടിട്ടും കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കുംവിധം ജീവനക്കാർ സമരം നടത്തുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി. തൊഴിലാളികളുടെ ഭാഗത്തുനിന്ന് പ്രതികൂല പ്രവർത്തനങ്ങളുണ്ടായാൽ കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി മറികടക്കാനാകില്ലെന്നും സമരമാണ് കൂടുതൽ ഗുണകരമെന്ന് ജീവനക്കാർ കരുതുന്നുണ്ടെങ്കിൽ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിൽനിന്ന് കോടതി പിന്മാറാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാർ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.കോടതി ഇടപെടലിൽ വിശ്വാസവും പിന്തുണയും പ്രഖ്യാപിക്കുന്ന തൊഴിലാളികളിൽനിന്ന് പ്രതിസന്ധി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. യൂനിയനുകൾ സമരം നിർത്തണമെന്നൊന്നും പറയുന്നില്ല.
എത്രകാലം ധർണയിരുന്നാലും പരിഹരിക്കാനാവാത്തതാണ് പ്രതിസന്ധി. ജീവനക്കാരുടെ ദുരിതം അറിയുന്നതുകൊണ്ടാണ് ഇടപെട്ടത്. ചോരനീരാക്കി പണിയെടുക്കുന്ന ജീവനക്കാരോട് ബഹുമാനമാണുള്ളത്. എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനമോ ഷെഡ്യൂളോ സർവിസോ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ കേസ് പരിഗണിക്കുന്നത് നിർത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നിലിവിൽ ജൂലൈയിലെ വരുമാനംകൊണ്ട് ജൂണിലെ ശമ്പളം നൽകുന്ന സ്ഥിതിയാണുള്ളത്. ഇത് പരിഹരിക്കേണ്ടതുണ്ട്. ആഗസ്റ്റ് മുതൽ അഞ്ചാംതീയതിക്കകം ശമ്പളം നൽകണമെന്ന ഉത്തരവ് പുറപ്പെടുവിക്കും.
കോടതി ഉത്തരവുണ്ടായിട്ടും മെക്കാനിക്കുകളെ ഒഴിവാക്കി സൂപ്പർവൈസറി ജീവനക്കാർക്ക് ശമ്പളം നൽകിയെന്ന് സി.ഐ.ടി.യു അനുകൂല യൂനിയൻ ആരോപിച്ചപ്പോൾ ഉത്തരവ് പാലിച്ചില്ലെങ്കിൽ ധർണ ഇരിക്കുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു. ഉദാസീനമായ പ്രതികരണമാണ് സി.എം.ഡിയിൽനിന്നുണ്ടാകുന്നതെങ്കിൽ പരിഹരിക്കാനറിയാം. ദശാബ്ദങ്ങളായി പ്രതിസന്ധിയിലായ സ്ഥാപനത്തെ ഒരുദിവസംകൊണ്ട് ട്രാക്കിലാക്കാമെന്ന് കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കി.കെ.എസ്.ആർ.ടി.സി ആസ്ഥാനത്തിന് മുന്നിൽനിന്ന് സമരം മാറ്റുമെന്ന് സി.ഐ.ടി.യു അനുകൂല യൂനിയൻ കോടതിയെ അറിയിച്ചു. പ്രവർത്തനം തടസ്സപ്പെടുത്താതെയാണ് പ്രതിഷേധം നടത്തുന്നതെന്ന് മറ്റ് യൂനിയനുകളും വ്യക്തമാക്കി. ജീവനക്കാർ സഹകരിച്ചാൽ പ്രതിദിന വരുമാനം എട്ടുകോടിയായി വർധിപ്പിക്കാനാകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേരുമെന്ന് സർക്കാറും അറിയിച്ചു. ഹരജി വീണ്ടും ജൂലൈ 11ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.