സമീപകാല കോടതി വിധികൾ: നിയമ നിർമാണ സഭകൾ ഇടപെടണം –മുസ്ലിം സംഘടനകൾ
text_fieldsകോഴിക്കോട്: സമീപകാലത്തുണ്ടായ കോടതിവിധികളിൽ മുസ്ലിം സംഘടനകളുടെ കോഒാഡിനേഷൻ കമ്മിറ്റി ഉത്കണ്ഠ പ്രകടിപ്പിച്ചു. രാജ്യം കാത്തുസൂക്ഷിച്ചുവരുന്ന ധാർമിക, സദാചാര മൂല്യങ്ങൾക്കെതിരാണ് സ്വവർഗരതിയും വിവാഹിതരുടെ അവിഹിത ബന്ധവും കുറ്റമല്ലാതാക്കുന്ന വിധികളെന്ന് യോഗം വിലയിരുത്തി. ധാർമിക, സദാചാര മൂല്യങ്ങളാണ് കുടുംബ വ്യവസ്ഥയെയും സമൂഹത്തെയും നിലനിർത്തുന്നത്. ഇതിനെ കാത്തുസൂക്ഷിക്കാനും അതുവഴി രാജ്യത്തിെൻറ ഭാവി സംരക്ഷിക്കാനും പാർലമെൻറും നിയമസഭകളും ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയും വിവാഹ മോചനം ക്രിമിനൽ കുറ്റമാക്കുന്ന ഒാർഡിനൻസും വിശ്വാസത്തിലും മത ജീവിതത്തിലുമുള്ള അന്യായ ഇടപെടലാണെന്ന് യോഗം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഏക സിവിൽകോഡ് അടിച്ചേൽപിക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇൗ നീക്കങ്ങളുടെ പിന്നിലെന്ന് മുസ്ലിം സംഘടനകളുടെ കൂട്ടായ്മ ആശങ്ക രേഖപ്പെടുത്തി.
കോഴിക്കോട് ഇൗസ്റ്റ് അവന്യൂ ഹോട്ടലിൽ ചേർന്ന േയാഗത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ. മജീദ്, എം.പി. അബ്ദുസ്സമദ് സമദാനി, എം.സി. മായിൻ ഹാജി (മുസ്ലിം ലീഗ്), ശൈഖ് മുഹമ്മദ് കാരകുന്ന്, ടി. മുഹമ്മദ് വേളം (ജമാഅെത്ത ഇസ്ലാമി), കെ.ടി. ഹംസ മുസ്ലിയാർ, പുത്തനഴി മൊയ്തീൻ ഫൈസി (സമസ്ത), ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, പി.പി. ഉണ്ണീൻകുട്ടി മൗലവി (കെ.എൻ.എം), ഡോ. ഫസൽ ഗഫൂർ, സക്കീർ ഹുസൈൻ (എം.ഇ.എസ്), ഇ.എം. അബൂബക്കർ മൗലവി, ഇ.പി. അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യതുൽ ഉലമ), ടി.കെ. അഷ്റഫ്, ഹുസൈൻ ടി. കാവന്നൂർ (വിസ്ഡം) എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.