കീഴ്കോടതി പ്രവർത്തന നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തി മാർഗനിർദേശം
text_fieldsകൊച്ചി: ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ കീഴ്കോടതികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തി ഹൈകോടതി പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. സിവിൽ, ക്രിമിനൽ കോടതികൾ കേസുകൾ പരിഗണിക്കുന്നത് സംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ സബോർഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാർ പി.ജി. അജിത് കുമാർ നൽകിയിട്ടുണ്ട്. കോടതിമുറിയിൽ 10 പേരിൽ കൂടുതൽ ഉണ്ടാകരുതെന്നാണ് നിർദേശം.
കോടതിമുറിയിലെ കസേരകളുടെ എണ്ണവും പത്താക്കി കുറക്കും. ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ കക്ഷികൾക്ക് പ്രത്യേകസമയം നിശ്ചയിച്ച് നൽകാം. ഒാരോ കേസിലും അതത് അഭിഭാഷകർ, കക്ഷികൾ, സാക്ഷികൾ എന്നിവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സിവിൽ കോടതികളിൽ കക്ഷികൾ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം. ക്രിമിനൽ കേസുകളിൽ ഒഴിവാക്കാനാവാത്ത സാഹചര്യത്തിലേ കക്ഷി ഹാജരാകാൻ നിർദേശിക്കാവൂ.
യാത്രാനിയന്ത്രണങ്ങൾ മൂലം ഹാജരാകാൻ കഴിയാത്ത കക്ഷികൾക്കെതിരെ നടപടി പാടില്ല. കോടതികളിൽ സമൂഹ അകലം ഉറപ്പാക്കണം. സാധ്യമെങ്കിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെയുള്ള കോടതി നടപടി പരിഗണിക്കണം. റെഡ്സോൺ, ഹോട്സ്പോട്ട് മേഖലകളിലുള്ള കോടതികൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.