പ്രണയബന്ധത്തിന്‍റെ പേരിലെ പോക്സോ കേസുകൾ കോടതികൾക്ക് അമിതഭാരം -ജസ്റ്റിസ് രവീന്ദ്രഭട്ട്
text_fieldsകൊച്ചി: പ്രണയബന്ധവുമായി ബന്ധപ്പെട്ടുണ്ടാവുന്ന അനാവശ്യ പോക്സോ കേസുകൾ കോടതികൾക്ക് അമിതഭാരമാകുന്നതായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്. പോക്സോ കേസിലെ പ്രായപരിധി 18ൽനിന്ന് 16 ആക്കണമെന്ന നിർദേശമുണ്ടെങ്കിലും വിപുലമായ ചർച്ച വേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിലെ ഹൈകോടതി ജഡ്ജിമാരെ പങ്കെടുപ്പിച്ച് പോക്സോ (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ) നിയമം, ബാലനീതി, കുട്ടികളിലെ ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ കേരള ഹൈകോടതി സംഘടിപ്പിച്ച സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതികളിലെത്തുന്ന പോക്സോ കേസുകളിൽ 25 ശതമാനത്തോളം പ്രണയബന്ധത്തെ എതിർത്ത് രക്ഷിതാക്കൾ നൽകുന്ന പോക്സോ കേസുകളാണെന്ന് മഹാരാഷ്ട്രയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കൗമാരക്കാരായ ആൺകുട്ടികൾ ഇത്തരം കേസുകളിൽ ഉൾപ്പെട്ട് തടവിലാകുന്ന അവസ്ഥ കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പോക്സോ നിയമത്തെക്കുറിച്ച് കുട്ടികൾക്ക് മാത്രമല്ല, മാതാപിതാക്കൾക്കും അധ്യാപകർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും പൊതുജനത്തിനുമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് അധ്യക്ഷത വഹിച്ച ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ പറഞ്ഞു. ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് ഷാജി പി.ചാലി, ജസ്റ്റിസ് അനു ശിവരാമൻ എന്നിവർ സംസാരിച്ചു.
കുട്ടികളുടെ നിയമലംഘനത്തിന് സ്വീകരിക്കേണ്ട സമീപനം എന്ന വിഷയത്തിലെ ചർച്ചയിൽ കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് മുദഗൽ മോഡറേറ്ററായിരുന്നു. ബോംബെ ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഷാലിനി ഫൻസല്ലർ ജോഷി, ഡോ. രമേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.