സഭാ കേസിൽ കോടതികൾ നടത്തുന്നത് ഏകപക്ഷീയ നിരീക്ഷണം -യാക്കോബായ സഭ
text_fieldsകോലഞ്ചേരി: സഭാ കേസിൽ കോടതികൾ നടത്തുന്ന ഏകപക്ഷീയ നിരീക്ഷണം വേദനാജനകമെന്ന് യാക്കോബായ സഭ. സഭാ മാനേജിങ്ങ് കമ്മിറ്റി യോഗത്തിന് ശേഷം പുത്തൻകുരിശ് പാത്രിയർക്കാ സെൻററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള സഭയുടെ പാരമ്പര്യത്തെയും പൈതൃകത്തെയും നിഷേധിക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ല. 1959, 1995, 2017 വർഷങ്ങളിലൂണ്ടായ സുപ്രീം കോടതി വിധികളെല്ലാം പലതരത്തിൽ വ്യാഖ്യാനിക്കാവുന്നതാണ്.
1959ൽ സുപ്രീം കോടതി നിരീക്ഷിച്ചത് മലങ്കരയിൽ യാക്കോബായ സഭയാണുള്ളതെന്നാണ്. എന്നാൽ, യാക്കോബായ സഭ എന്ന ഒന്നില്ലന്ന തരത്തിലുള്ള ഇപ്പോഴത്തെ ഹൈകോടതി നിരീക്ഷണങ്ങൾ ശരിയല്ല. ലോകാവസാനം വരെ ഈ സഭ നിലനിൽക്കും.
1934ലെ ഭരണഘടന വേദവാക്യമല്ല. സഭയുടെ ആശങ്കകളും അഭിപ്രായങ്ങളും കോടതിയെ അറിയിക്കും. പ്രശ്ന പരിഹാരത്തിനായി ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്താൻ കോടതി തയാറാകണം. സഭയുടെ വിശ്വാസ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകും.
വിശ്വാസികളെ അടിച്ചിറക്കാനും അവരുടെ സംസ്കാര നടപടികൾ തടസ്സപ്പെടുത്താനും ഒരു കോടതിയും പറഞ്ഞിട്ടില്ല. എന്നാൽ, കോടതി വിധിയുടെ പേരിൽ ഇവിടെ നടക്കുന്നത് നീതി നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ തെയോഫിലോസ്, മാത്യൂസ് മാർ അന്തിമോസ്, സഭാ ഭാരവാഹികളായ സി.കെ. ഷാജി ചുണ്ടയിൽ, പീറ്റർ കെ. ഏലിയാസ്, ഫാ. സ്ലീബാ പോൾ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.