പുറംചട്ടക്ക് ക്ഷാമം; ചെറുകിട പുസ്തക നിർമാണ മേഖല സ്തംഭിച്ചു
text_fieldsകുന്നംകുളം: ലോക്ഡൗൺ കാരണം തമിഴ്നാട്ടിലെ ശിവകാശിയിൽനിന്ന് ബുക്ക് കവർ വരുന്നത് മുടങ്ങിയതിനാൽ ചെറുകിട പുസ്തക നിർമാണ മേഖല സ്തംഭിച്ചു. സംസ്ഥാനത്ത് നോട്ട് പുസ്തക നിർമാണത്തിന് പേരുകേട്ട കുന്നംകുളത്തെ നിരവധി ചെറുകിട യൂനിറ്റുകളാണ് ബുക്ക് കവർ ഇല്ലാത്തതിനാൽ പ്രയാസപ്പെടുന്നത്.
വൻകിട കച്ചവടക്കാരുടെ അടുത്ത് വൻതോതിൽ ബുക്ക് കവറും പുസ്തകവുമെല്ലാം സ്റ്റോക്കുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ ലോക്ഡൗൺ മൂലം തമിഴ്നാട്ടിലെ ശിവകാശിയിൽനിന്ന് ബുക്ക് കവർ വരുന്നത് നിലച്ചതാണ് മേഖലക്ക് തിരിച്ചടിയായത്. പുസ്തക നിർമാണ സാമഗ്രികൾ വിൽപന കടകളിലും സ്റ്റോക്ക് തീർന്നു. പേപ്പറിനും കിലോക്ക് 15 രൂപയോളം കൂടി.
ബുക്ക് കവർ ലാമിനേഷൻ ചെയ്യുന്ന പെട്രോളിയകൃത വസ്തുക്കളുടെ വില വർധന മൂലം ശിവകാശി കമ്പനികളെല്ലാം പുതിയ വിലയാണ് ഈടാക്കുന്നത്. ബുക്ക് കവറിന് മൂന്നു മാസം മുന്നത്തേക്കാൾ ഒരു രൂപയോളം വില വർധിച്ചു. പുതിയ വിലയിൽ ഓർഡർ നൽകിയാലും തമിഴ്നാട്ടിൽ ലോക്ഡൗൺ മൂലം ലഭിക്കുന്നില്ല. കച്ചവടക്കാരിൽനിന്ന് മുൻകൂട്ടി പുസ്തകം ഓർഡർ എടുത്ത പല ചെറുകിട യൂനിറ്റുകളെല്ലാം നഷ്ടത്തിലേക്ക് പോകുന്ന അവസ്ഥയാണ്.
ലോക്ഡൗൺ മൂലം നിരവധി യൂനിറ്റുകൾ പ്രയാസത്തിലാണ്. കേരളത്തിെൻറ ശിവകാശി എന്നറിയപ്പെടുന്ന കുന്നംകുളത്തെ കുടിൽ വ്യവസായമായ ചെറുകിട ബുക്ക് നിർമാണത്തിന് നിലനിൽക്കാൻ സർക്കാർ സഹായം നൽകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.