കോവിഡ്: മടങ്ങിയത് 14.71 ലക്ഷം മലയാളികൾ
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് 14.71 ലക്ഷം പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്) പഠനം.
ഇതിൽ 3.32 ലക്ഷം പേർക്ക് (23 ശതമാനം) മടങ്ങിപ്പോകാനായില്ല. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ മടക്കം കുടുംബങ്ങളുടെ സാമ്പത്തികനില തകർത്തു. സി.ഡി.എസിൽ നടന്ന സെമിനാറിൽ പഠനത്തിന് നേതൃത്വം നൽകിയ ഡോ. ബി.എ. പ്രകാശ് കണ്ടെത്തൽ അവതരിപ്പിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് സർവേ നടത്തിയത്.
50 ശതമാനം പേരും സൗദിയിൽനിന്നാണ് മടങ്ങിവന്നത്. മറ്റുള്ളവർ യു.എ.ഇ (19), ഖത്തർ (11), ഒമാൻ, ബഹ്റൈൻ (ഏഴുവീതം), കുവൈത്ത് (ആറ്) രാജ്യങ്ങളിൽ നിന്നാണ്. പകുതിയോളം പേരും കുടുംബത്തിലേക്ക് മാസം 12,000-20,000 രൂപ അയച്ചിരുന്നു. വർഷം 1.47 ലക്ഷം മുതൽ 2.32 ലക്ഷം രൂപ വരെ കുടുംബങ്ങൾക്ക് ലഭിച്ചിരുന്നു. വരുമാനം നിലച്ചതുമൂലം കുടുംബങ്ങളുടെ ഉപഭോഗം കുറഞ്ഞു. പ്രാദേശിക സമ്പദ്ഘടന മാന്ദ്യത്തിലേക്ക് നീങ്ങി. സർവേയിൽ പങ്കെടുത്ത 54 ശതമാനം പേർ അവധിക്ക് വന്നശേഷം മടങ്ങാൻ കഴിയാത്തവരാണ്. ഒമാൻ, കുവൈത്ത്, ഖത്തർ രാജ്യങ്ങളിൽനിന്ന് മടങ്ങിയവരിൽ ഭൂരിഭാഗവും അവധിയിൽ വന്നവരാണ്. കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും പൂട്ടിയതുമൂലം ജോലി നഷ്ടപ്പെട്ടവരാണ് മൂന്നിലൊന്ന്. തിരിച്ചെത്തിയവരിൽ ഭൂരിഭാഗവും പത്ത് വർഷത്തിലേറെയായി ഗൾഫിൽ ജോലി ചെയ്തവരാണ്.
വിദേശ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കൽ, അന്തർദേശീയ യാത്രയിലെ നിബന്ധനകൾ, വാക്സിനേഷൻ നിബന്ധനകളിലെ വൈരുധ്യം, മറ്റ് രാജ്യങ്ങളിലെ തൊഴിലാളികളുടെ വരവ് എന്നിവയും തിരിച്ചടിയായി. വർക്ക് പെർമിറ്റ്, െറസിഡന്റ് പെർമിറ്റ് ഫീസിൽ സൗദി വരുത്തിയ വർധനയും ബാധിച്ചു. അവിദഗ്ധ തൊഴിലാളികളെയും അർധവിദഗ്ധ തൊഴിലാളികളെയും ഒഴിവാക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ കുടിയേറ്റ നയവും പ്രതിസന്ധിയായി.
മടങ്ങിയെത്തിയവരിൽ 71 ശതമാനം പേരും നാട്ടിൽ തൊഴിൽരഹിതരാണ്. ബാക്കിയുള്ളവർ കാഷ്വല്‍ തൊഴിലാളികളോ ചെറുകിട കച്ചവടക്കാരോ ഓട്ടോ തൊഴിലാളികളോ ആയി ജോലിചെയ്യുന്നു. തിരികെ പോകുന്നതാണ് മെച്ചമെന്ന് 88 ശതമാനം പേരും പറയുന്നു. പലരും ബാങ്കുകള്‍, ബന്ധുക്കൾ, വായ്പ നൽകുന്നവർ തുടങ്ങിയവരിൽനിന്ന് കടമെടുത്തവരാണ്. സർവേയിൽ പങ്കെടുത്ത അഞ്ചിലൊന്ന് കുടുംബങ്ങളും ദരിദ്രരാണ്.
തിരിച്ചുപോകാനാവാത്ത പ്രവാസികൾക്ക് നടപ്പാക്കേണ്ട ആശ്വാസ പദ്ധതി സംബന്ധിച്ച നിർദേശങ്ങളും പഠനം ശിപാർശ ചെയ്യുന്നു. വിദേശത്തേക്ക് പോകാൻ ബാങ്ക് വായ്പ നൽകുക, സ്വയംതൊഴിലിനും ചെറുകിട കച്ചവടത്തിനുമായി അഞ്ച് ലക്ഷം വരെ പലിശരഹിത വായ്പ നൽകുക, നോർക്ക വായ്പപദ്ധതി വിപുലീകരിക്കുക, അർഹതയുള്ളവർക്ക് ബി.പി.എൽ റേഷൻ കാർഡ് നൽകുക, സൗദിയിൽനിന്ന് മടങ്ങിവർക്ക് ആനുകൂല്യവിതരണത്തിൽ മുൻഗണന നൽകുക, കൂടുതൽ മാന്ദ്യം സൃഷ്ടിച്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്ക് മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കുക, ഗുരുതര രോഗങ്ങൾ പിടിപെട്ടവർക്ക് പ്രതിമാസം 1500 രൂപ പെൻഷൻ നൽകുക തുടങ്ങിയ നിർദേശങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.