സമ്പർക്കമുള്ളവർക്ക് ആൻറിജെൻ ടെസ്റ്റ് നടത്തിയില്ലെന്ന്, പ്രതിഷേധവുമായി പ്രതിപക്ഷം
text_fieldsപൊന്നാനി: കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്ക് പരിശോധന നടത്താതെ പൊന്നാനിയിൽ ചടങ്ങിന് മാത്രം ആൻറിജെൻ ടെസ്റ്റ് നടത്തിയതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. റെഡ് സോൺ മേഖല തരംതിരിച്ചതിലും അധികൃതർക്ക് വീഴ്ച സംഭവിച്ചെന്നും പ്രതിപക്ഷാംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നേരത്തേ നടന്ന ആൻറിജെൻ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പർക്കമുള്ളവരെ പരിഗണിച്ചില്ല.
മറ്റു രോഗലക്ഷണമുള്ളവർക്ക് മാത്രം രണ്ടാമത് ആൻറിജെൻ ടെസ്റ്റ് നടത്തിയത് പോസിറ്റിവ് കേസുകൾ കുറച്ചുകാണിക്കാനുള്ള അധികൃതരുടെ തന്ത്രത്തിെൻറ ഭാഗമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
കോവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെ വീടുകളിൽ പോലും സർവേ സംഘം എത്താത്തത് വലിയ വീഴ്ചയാണ്. സർവേയിൽ 1300 പേരെ കണ്ടെത്തുകയും പിന്നീട് 700 പേർക്ക് പരിശോധന നടത്തുമെന്ന് പ്രഖ്യാപിക്കുകയും ഒടുവിൽ 350 പേർക്ക് മാത്രം ടെസ്റ്റ് നടത്തുകയും ചെയ്തത് ചിലരുടെ പിടിവാശി മൂലമാണ്. പ്രവാസികൾക്ക് പോലും ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കാത്തത് പ്രതിഷേധാർഹമാണ്. നഗരസഭയിലെ 11 വാർഡുകൾ റെഡ് സോൺ മേഖലയായി തരംതിരിച്ചതിലും അപാകതയുണ്ട്. നേരത്തേ കോവിഡ് കൂടുതൽ സ്ഥിരീകരിച്ച 39ാം വാർഡിനെയും ഏഴാം വാർഡിനെയും ഉൾപ്പെടെ റെഡ് സോണിൽനിന്ന് മാറ്റി തീരദേശത്തെ എല്ലാ വാർഡുകളും റെഡ് സോണിൽ ഉൾപ്പെടുത്തിയത് കടലാക്രമണ ബാധിതരുടെ പ്രതിഷേധം തടയുന്നതിെൻറ ഭാഗമായാണ്.
ടെസ്റ്റ് നടത്താതെ കണക്കുകൾ കുറച്ചുകാണിക്കാൻ അധികൃതർ മനഃപൂർവം നടത്തിയ പരിശോധനയാണ് രണ്ടാം ഘട്ടത്തിൽ നടന്നതെന്നും ആരോഗ്യ വകുപ്പും നഗരസഭയും ഇക്കാര്യത്തിൽ ഒരു പോലെ കുറ്റക്കാരാണെന്നും പ്രതിപക്ഷ നേതാവ് എം.പി. നിസാർ, കൗൺസിലർ എൻ. ഫസലുറഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.