കോവിഡ്: കേരളമടക്കം 15 സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കജനകം
text_fieldsന്യൂഡൽഹി: കേരളമടക്കം രാജ്യത്ത് 15 സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതി ആശങ്കജനകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 80 ശതമാനം പുതിയ കോവിഡ് കേസുകളും കേരളമടക്കം 10 സംസ്ഥാനങ്ങളിൽനിന്നാണെന്ന് പഠനം പറയുന്നു. അൺലോക്ക് നാല് നടപ്പാക്കുന്നതിന് മുന്നോടിയായി ആഗസ്റ്റ് 13 മുതല്‍ 19 വരെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പഠനം നടത്തിയത്.
പഠനറിപ്പോർട്ടുപ്രകാരം 17.80 ശതമാനമാണ് കേരളത്തില്‍ കോവിഡ് പോസിറ്റിവ് ആകുന്നവരുടെ നിരക്ക്. കേരളത്തിനു മുന്നിലുള്ളത് മഹാരാഷ്ട്ര മാത്രമാണ്- 18.80 ശതമാനം. പ്രതിദിന കേസുകളിലെ വര്‍ധനനിരക്കില്‍ കേരളമാണ് മുന്നിൽ- 4.30 ശതമാനം. 3.83 ശതമാനമുള്ള പഞ്ചാബാണ് കേരളത്തിന് തൊട്ടുപിന്നിൽ. മഹാരാഷ്ട്രയിലെ പ്രതിദിന വർധനനിരക്ക് 0.05 ശതമാനം മാത്രമാണെന്നും പഠനം പറയുന്നു. കൂടാതെ, ടെസ്റ്റ് നടത്തുന്ന കാര്യത്തിൽ കേരളം ഏറെ പിറകിലാണ്. മൈനസ് 6.23 ശതമാനമാണ്. കർണാടകയാണ് (2.38 ശതമാനം) മുന്നിൽ.
അതേസമയം, മരണനിരക്ക് കേരളത്തിലാണ് ഏറ്റവും കുറവ് (0.37 ശതമാനം) റിപ്പോർട്ട് ചെയ്തത്. മരണനിരക്ക് മഹാരാഷ്ട്രയിൽ 3.36ഉം പഞ്ചാബിൽ 2.63ഉം മധ്യപ്രദേശിൽ 2.41 ശതമാനവുമാണ്. മരണനിരക്കിൽ 84 ശതമാനവും വരുന്നത് ഏഴു സംസ്ഥാനങ്ങളിൽനിന്നാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആശങ്കജനകമായ സ്ഥിതി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂടിയാലോചന നടത്തി തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്യും. മഹാരാഷ്ട്ര, കർണാടക, കേരള, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഛത്തിസ്ഗഢ് തുടങ്ങിയവയാണ് കേന്ദ്രത്തിെൻറ അതിഗുരുതര പട്ടികയിലുള്ള സംസ്ഥാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.