യാത്രക്കാരില്ല; കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻ ഇടിവ്
text_fieldsകോട്ടയം: കോവിഡ് 19 ജാഗ്രത നടപടികൾ ശക്തമാക്കിയതോടെ യാത്രക്കാരില്ലാതെ കെ.എസ്.ആർ. ടി.സിയും സ്വകാര്യ ബസുകളും. ട്രെയിൻ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. യാത്രക്കാരുടെ കുറ വുമൂലം വിവിധ ഡിപ്പോകളിലായി കെ.എസ്.ആർ.ടി.സി റദ്ദാക്കിയത് 150ലധികം സർവിസുകൾ. അന്തർ സംസ്ഥാന സർവിസുകളും ഭാഗികമാണ്. ബംഗളൂരു-മൈസൂരു അടക്കം പ്രധാന സർവിസുകളെയെല്ലാ ം കോവിഡ് കാര്യമായി ബാധിച്ചു. റിസർവേഷൻ ടിക്കറ്റുകൾ വ്യാപകമായി റദ്ദാക്കിയതും തിരി ച്ചടിയായി. ദീർഘദൂര ട്രെയിൻ ടിക്കറ്റുകളും റദ്ദാക്കുന്നുണ്ട്. പല ട്രെയിനുകളിലും യാത്രക്കാരുടെ എണ്ണം 40 ശതമാനംവരെ കുറഞ്ഞു.
യാത്രക്കാർ കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സിയുടെ മൊത്തവരുമാനത്തിൽ 65 ശതമാനം വരെ കുറഞ്ഞതായാണ് കണക്ക്. മൂന്നുസോണുകളിലും വരുമാനം കാര്യമായി ഇടിഞ്ഞു. മധ്യകേരളത്തിലെ ചില ഡിപ്പോകളിൽനിന്ന് ഓടുന്ന ബസുകളിൽനിന്ന് ഡീസൽ കാശുപോലും കിട്ടുന്നില്ലെന്ന് ഡി.ടി.ഒമാർ പറയുന്നു. പ്രതിദിനം 18,000 രൂപവരെ ലഭിച്ചിരുന്ന സർവിസുകൾക്ക് ഒരാഴ്ചയായി 6000 രൂപയിൽ താെഴയാണ് കലക്ഷൻ. ഒാർഡിനറി സർവിസുകൾ മിക്കതും നഷ്ടത്തിലാണ്. 4000 രൂപയിൽ താഴെയാണ് വരുമാനം. വരുമാനം കുറഞ്ഞതോടെ കോട്ടയത്ത് മാത്രം പത്തിലധികം സർവിസുകൾ കുറച്ചു.
കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂർ ഉൾപ്പെടുന്ന എറണാകുളം സോണിൽ വരുമാനത്തിൽ 50-60 ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയത്. പ്രതിദിനം 2.10 കോടി മുതൽ 2.30 കോടിവരെ വരുമാനം ലഭിച്ചിരുന്ന എറണാകുളം സോണിൽ കഴിഞ്ഞദിവസങ്ങളിലെ വരുമാനം 1.66 കോടിയിൽ താഴെയാണ്. മറ്റ് സോണുകളിലും വരുമാനത്തിൽ 80 ലക്ഷം മുതൽ ഒരുകോടിയുടെ വരെ കുറവുണ്ട്.
കോവിഡ് സ്ഥിരീകരിച്ച കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവിസുകൾ ഭാഗികമാക്കി. സ്വകാര്യ ബസുകൾ ചില റൂട്ടിൽ ഓടുന്നതേയില്ല. കൊറോണ ഭയവും ജീവനക്കാരെ അലട്ടുന്നുണ്ട്. റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ വരുമാനം നാലിെലാന്നായതായി കമേഴ്സ്യൽ വിഭാഗം അറിയിച്ചു. റിസർവേഷൻ കൗണ്ടറുകളും കാലിയാണ്. പ്രതിദിനം ഒരു ലക്ഷം രൂപവരെ കലക്ഷൻ ലഭിച്ചിരുന്ന റിസർവേഷൻ കൗണ്ടറുകളിൽ രണ്ടുദിവസമായി 25,000 രൂപവരെയാണ് വരുമാനം.
ഫെബ്രുവരിയിലെ കെ.എസ്.ആർ.ടി.സിയുടെ വരവും ചെലവും തമ്മിലെ അന്തരം 43.49 കോടിയാണ്. ശമ്പളം നൽകാൻ 18.91 കോടിയുടെ കുറവുണ്ട്. ഇതിനായി സർക്കാറിനെ സമീപിക്കാനിരിക്കെയാണ് കോവിഡ് കെ.എസ്.ആർ.ടി.സിയെ ദുരിതത്തിലാക്കിയത്. പെൻഷൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.