കോവിഡ് കാലത്തും സതിക്ക് വായനതന്നെ മരുന്ന്
text_fieldsചെറുവത്തൂർ: കോവിഡ് കാലത്തും സതിയുടെ വായനക്ക് മാറ്റമില്ല. ഇരുന്നും കിടന്നുമുള്ള വായനയിലൂടെ പൂർത്തിയാക്കിയത് 3000ത്തോളം പുസ്തകങ്ങൾ. വായനകൊണ്ട് ഏതു പ്രതിസന്ധിയെയും അതിജീവിക്കാമെന്ന് സ്വന്തം ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ് കൊടക്കാട് പൊള്ളപ്പൊയിലിലെ എം.വി. സതി എന്ന 42കാരി. നാടന്‍കലാ ഗവേഷകനായ പരേതനായ സിവിക് കൊടക്കാടിെൻറയും എം.വി. പാട്ടിയുടെയും മകളായ സതി വിധിയുടെ ക്രൂരത വായനകൊണ്ട് അതിജീവിച്ചവളാണ്. ജന്മനാ ‘സ്പൈനല്‍ മസ്കുലര്‍ അട്രോഫി’ രോഗത്താല്‍ ശരീരം തളര്‍ന്നുപോയതിനാല്‍ നാലാംക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. തുടര്‍ന്ന് വായനയിലും എഴുത്തിലുമായി താല്‍പര്യം. 360 ബാല സാഹിത്യങ്ങളടക്കം 3000 ത്തോളം പുസ്തകങ്ങള്‍ വായിക്കുകയും ഈ പുസ്തകങ്ങളുടെയെല്ലാം കുറിപ്പുകള്‍ എഴുതുകയും സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
വിവിധ ആനുകാലികങ്ങളിലും ആകാശവാണിയിലും കഥകളും കവിതകളും എഴുതുന്നു. ‘ഗുളികവരച്ച ചിത്രങ്ങള്‍’ കഥാസമാഹാരം കോഴിക്കോട് ഹംദ പബ്ലിക്കേഷന്‍ 2011 ല്‍ പ്രസദ്ധീകരിച്ചു. 2020 ൽ ‘കാൽവരയിലെ മാലാഖ’ കവിത സമാഹാരം പായൽ ബുക്സും പ്രസിദ്ധീകരിച്ചു.
2017 ല്‍ കരിവെള്ളൂര്‍ മുച്ചിലോട്ട് ക്ഷേത്ര പെരുങ്കളിയാട്ടത്തിെൻറ ഭാഗമായി പുറത്തിറങ്ങിയ ‘തിരുമംഗല്യം’ ഭക്തിഗാന ആല്‍ബത്തിലെ ഒരുഗാനം സതി പാടി. ഈ ഗാനം ക്ഷേത്രസന്നിധിയില്‍ കെ.എസ്. ചിത്ര പാടിയത് സതിയുടെ അമൂല്യ ഓർമയാണ്. സതി എഴുതി അഭിനയിച്ച ‘കുഞ്ഞോളം’ വിഡിയോ ആല്‍ബവും ‘വയലോരം’ വിഡിയോ ആൽബവും പുറത്തിറങ്ങിയിട്ടുണ്ട്.2008 മുതല്‍ 2013 വരെ മൂന്നാം ക്ലാസിലെ രണ്ടാംഘട്ട മലയാള, കന്നട പാഠാവലിയില്‍ സതിയുടെ വായനാനുഭവത്തെ സാക്ഷ്യപ്പെടുത്തി ‘വായിച്ച് വായിച്ച് വേദന മറന്ന്’ എന്ന പാഠം കുട്ടികള്‍ പഠിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.