വായനയുടെ കുഞ്ഞുക്കുട്ടൻ; വായനശാലയുടെയും
text_fieldsചെറുതുരുത്തി: 86ാം വയസ്സിലും വായനശാലയിൽ പോയി പുസ്തകം വായിക്കുകയും വായനശാലയുടെ കാര്യങ്ങളിൽ ഇടപെടുകയും നടത്തുകയും ചെയ്യുന്ന ഒരു മനുഷ്യനുണ്ട്; നെടുമ്പുരക്കാർ കുഞ്ഞുകുട്ടേട്ടൻ എന്ന് വിളിക്കുന്ന വള്ളത്തോൾ നഗർ പഞ്ചായത്തിലെ നെടുമ്പുര കളപ്പറമ്പിൽ വീട്ടിൽ കുഞ്ഞുക്കുട്ടൻ. പതിനാറാമത്തെ വയസ്സിൽ ഒരു അണ കൊടുത്താണ് നെടുമ്പുര രാഘവൻ വൈദ്യർ സ്മാരക വയനശാലയിൽ അംഗമായത്. ആ അംഗത്വം ഇന്നും നിലനിർത്തുന്നു. വായനാശാല സംരക്ഷണത്തിലും ശ്രദ്ധിക്കുന്നുണ്ട്. സഹായത്തിന് മകൾ രമ്യയുമുണ്ട്.
വൈകീട്ട് നാലിന് വായനശാല തുറന്നാൽ രാത്രി എട്ടിനാണ് അടക്കുക. നാലാം ക്ലാസിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചതാണ്. വീട്ടിലെ പ്രയാസങ്ങൾ കാരണം തീെപ്പട്ടി കമ്പിനിയിൽ ജോലിക്ക് പോകാൻ തുടങ്ങി. പണി കഴിഞ്ഞാൽ വയനശാലയിലെത്തി പുസ്തകം വായന തുടങ്ങും. തുടക്കത്തിൽ വായനശാല വാടക മുറിയിലായിരുന്നു.
1957ലാണ് രാഘവൻ വൈദ്യർ മൂന്ന് സെൻറ് സ്ഥലം നൽകിയത്. 1958ലാണ് വായനാശാലയിൽ വലിയ റേഡിയോ എത്തിയത്. ഇതിലൂടെ വരുന്ന വാർത്ത വൈകീട്ട് മുതൽ രാത്രി ഒമ്പതുവരെ വലിയ കോളാമ്പി സ്ഥാപിച്ച് നാട്ടുകാരെ കേൾപ്പിക്കും. റേഡിയോയും കോളാമ്പിയും ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വായനശാല പ്രസിഡൻറ് പി. സോമസുന്ദരനും സെക്രട്ടറി പി.ജി. മോഹൻദാസും ചേർന്ന് വായനദിനമായ വെള്ളിയാഴ്ച രാവിലെ കുഞ്ഞുക്കുട്ടനെ പൊന്നാട അണിയിച്ച് ആദരിക്കും. എം.ടിയും വള്ളത്തോളും മറ്റുമായി കുഞ്ഞുക്കുട്ടന് ഇഷ്ടമുള്ള എഴുത്തുകാരുടെ നീണ്ട നിരയുണ്ട്. ഇഷ്ടപ്പെട്ട എഴുത്തുകാരിൽ ആരെയെങ്കിലും നേരിൽ കാണണമെന്ന ആഗ്രഹം ഇതുവരെ സഫലമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.