വിവാഹ-മരണാനന്തര ചടങ്ങുകളിൽ 50 പേർ മാത്രം
text_fieldsതിരുവനന്തപുരം: ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി ചുരുക്കാൻ അവലോകനയോഗത്തിൽ തീരുമാനം. അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഒത്തുചേരലുകളും ചടങ്ങുകളും പൊതുവായ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും ഓൺലൈനായി നടത്താനും തീരുമാനിച്ചു.
അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കം മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണം. അതേ സമയം രാത്രി കർഫ്യൂ അടക്കം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നത് സംബന്ധിച്ച് ആശങ്കകളുയർന്നിരുന്നെങ്കിലും ഈ ഘട്ടത്തിൽ വേണ്ടതില്ലെന്നാണ് അവലോകന യോഗത്തിന്റെ തീരുമാനം. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനുണ്ടാകില്ല. സ്കൂളുകൾ അടച്ചിടുന്ന കാര്യവും യോഗം പരിഗണിച്ചില്ല. സ്കൂളുകളിൽ കൂടുതൽ ജാഗ്രത പുലർത്തും. നിലവിലുള്ള ക്ലാസ് രീതികൾ തുടരും.
15 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കുള്ള വാക്സിൻ വിതരണം ഈ ആഴ്ച് തന്നെ പൂർത്തീകരിക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി വാക്സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും. കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താം. ടെലിമെഡിസിൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയ തോതിൽ ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫിസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈനാക്കാൻ നിർദേശമുണ്ട്.
ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങൾ സജ്ജമാണെന്ന് യോഗം വിലയിരുത്തി. ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍, പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍, ഓക്സിജന്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കിട്ടുണ്ട്. പ്രഹരശേഷി കുറവാണെങ്കിലും വേഗത്തിൽ പടരുമെന്നതാണ് ഒമിക്രോൺ ഉയർത്തുന്ന വെല്ലുവിളി.
പ്രായമുള്ളവരെയും രോഗങ്ങളുള്ളവരെയും സുരക്ഷിതരാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ആശുപത്രികളിൽ ഓക്സിജൻ കരുതൽ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്. കേസുകള്‍ കൂടിയാല്‍ ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവര്‍ക്ക് ഗൃഹ പരിചരണം നല്‍കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ തയാറാക്കിനിർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.