കോവിഡ് അതിതീവ്രതയിലും പരീക്ഷകൾ മാറ്റാതെ പി.എസ്.സി
text_fieldsതിരുവനന്തപുരം: കോവിഡിന്‍റെ അതിതീവ്രതയിൽ സംസ്ഥാനം വിറയ്ക്കുമ്പോഴും പരീക്ഷകളും അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെക്കാതെ കേരള പബ്ലിക് സർവിസ് കമീഷൻ. ചരിത്രത്തിലെ ഏറ്റവും വലിയ കോവിഡ് കണക്കിലേക്ക് വ്യാഴാഴ്ച കേരളമെത്തുമ്പോഴും ഈ മാസം 23ന് വിവിധ വകുപ്പുകളിൽ നടത്തുന്ന ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, റിസപ്ഷനിസ്റ്റ് തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷക്ക് 35,279 ഉദ്യോഗാർഥികൾക്കാണ് പി.എസ്.സി സൗകര്യം ഒരുക്കിയിരിക്കുന്നത്.
ശനിയാഴ്ച വിദ്യാഭ്യാസവകുപ്പിലെ ഫുൾ ടൈം ലാഗ്വേജ് ടീച്ചർ (സംസ്കൃതം) തസ്തികയിലേക്ക് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലായി 1438 പേരോട് പരീക്ഷക്ക് ഹാജരാകാനാണ് നിർദേശം
പി.എസ്.സി ആസ്ഥാനത്ത് 45ഓളം ജീവനക്കാർ കോവിഡ് ബാധിതരാകുകയും 20 ഓളം പേർ ക്വാറൻീനിലാവുകയും ചെയ്തിട്ടും അഭിമുഖത്തിനും സർട്ടിഫിക്കറ്റ് പരിശോധനക്കുമായി വിവിധ ജില്ലകളിൽനിന്നുള്ള ഉദ്യോഗാർഥികളോട് പി.എസ്.സി ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനാണ് നിർദേശം.
സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നടക്കുന്ന പരീക്ഷ നടപടികൾക്കെതിരെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ നല്ലൊരു ശതമാനവും ചെറിയകുട്ടികളുള്ള അമ്മമാരാണ്. ഉദ്യോഗാർഥികൾക്കൊപ്പം രക്ഷാകർത്താക്കളും എത്തുന്നതോടെ പരീക്ഷകേന്ദ്രങ്ങളിലും പുറത്തും വൻതോതിൽ രോഗസാധ്യതയുള്ളതായി ജീവനക്കാർ ആരോപിക്കുന്നു.
പി.എസ്.സി ചെയർമാൻ എം.കെ. സക്കീറിനും അദ്ദേഹത്തിന്‍റെ രണ്ട് സ്റ്റാഫ് അംഗങ്ങൾക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് ഏതാനും നാളുകളായി ചെയർമാന്‍റെ ഓഫിസ് അടഞ്ഞുകിടക്കുകയാണ്. ചെയർമാന് പുറമെ, ഒരു കമീഷൻ അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ച ചേരേണ്ട കമീഷൻ പോലും പി.എസ്.സി ഉപേക്ഷിച്ചിരുന്നു. ഇത്തരം സ്ഥിതിവിശേഷം നിലനിൽക്കെയാണ് ടി.പി.ആർ നിരക്ക് 46.68 ശതമാനമുള്ള തിരുവനന്തപുരത്തടക്കം ശനി, ഞായർ ദിവസങ്ങളിൽ വലിയ പരീക്ഷകൾ നടത്താൻ പി.എസ്.സി ഒരുങ്ങുന്നത്.
പി.എസ്.സി ആസ്ഥാനംതന്നെ ക്ലസ്റ്ററായി മാറാൻ സാധ്യതയുള്ളപ്പോൾ സൈനിക ക്ഷേമവകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവൻറ് വിമുക്തഭടന്മാർക്കും കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ടിനും ഈ മാസം 27 ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്താനാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റൻറ് പ്രഫസർ ഇൻ പബ്ലിക് അഡ്മിനിട്രേഷൻ തസ്തികയിലേക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫിസർ തസ്തികയിലേക്കും 22 മുതൽ 29 വരെ പ്രമാണ പരിശോധനക്ക് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.