കോവിഡ് കാലത്തെ ട്രെയിൻ യാത്ര -VIDEO
text_fieldsകൊച്ചി: ഇതിന് മുമ്പ് ഒരിക്കലും പരശുറാം എക്സ്പ്രസ് ഇങ്ങനെയൊരു യാത്ര നടത്തിയിട്ടുണ്ടാവില്ല. തിരക്കേറെ ഉണ്ടാ വുമെന്ന് കരുതി ബോഗികളിലേക്ക് കാലെടുത്തു കുത്തുന്നവർ ഒന്നമ്പരക്കും. ഒരു ബോഗിയിൽ പത്തിൽ താഴെ യാത്രക്കാർ മാത്രം . ആളില്ലാത്തതിന്‍റെ സന്തോഷം എല്ലാവരിലും കാണാം. ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാമെന്നതിന്‍റെ സ്വാതന്ത്ര്യം നൽകുന്ന പ ുഞ്ചിരി ചിലരുടെ ചുണ്ടിൽ തെളിഞ്ഞു കാണാം.
ചില ബോഗികളിൽ ഇരിക്കുന്ന മൂന്ന് പേരും ജീവനക്കാരാണ്. യാത്രക്കാർ അഞ്ചോ ആറോ പേർ മാത്രം രണ്ട് ദിവസമായി ട്രെയിൻ ഇങ്ങനെ ശൂന്യമായി യാത്ര നടത്തുകയാണെന്ന് ശുചീകരണ തൊഴിലാളി മധ്യപ്രദേശ് സ്വദേശി ദീപക് പറയുന്നു. ആളൊഴിഞ്ഞ സീറ്റിൽ കൂട്ടുകാരനുമൊത്തിരുന്ന് കടല കൊറിച്ച് സമയം കളയുകയാണിപ്പോൾ ദീപക്.
എ.സി കമ്പാർട്ട്മെന്‍റുകളിലും യാത്രക്കാർ വിരളമാണ്. ചൂടുകാലത്ത് ബുക്കിങ് തന്നെ കിട്ടാൻ പ്രയാസമുള്ളപ്പോഴായാണ് കൊറോണ ഭീതി ആളുകളെ ട്രെയിൻ യാത്രയിൽ നിന്നകറ്റിയത്. റെയിൽവേ സ്റ്റേഷനുകളും ആളൊഴിഞ്ഞ പൂരപ്പറമ്പ്പോലെയായി. അങ്ങിങ്ങ് മാസ്ക് ധരിച്ച യാത്രക്കാരെ മാത്രം കാണാം. ട്രെയിൻ നിർത്തിയാലും ഇറങ്ങാനും കയറാനും അഞ്ചോ ആറോ പേർ മാത്രമാണുള്ളത്. മാസ്ക് ധരിച്ചോ തൂവാല മുഖത്തു കെട്ടിയോ യാത്ര ചെയ്യണമെന്ന നിർദേശമുണ്ടെങ്കിലും അനുസരിക്കുന്ന യാത്രക്കാർ കുറവാണ്.
പാൻട്രി തൊഴിലാളുകൾ വെറുതെ വായിലെ വെള്ളം വറ്റിച്ച് വിളിച്ചു പറഞ്ഞ് നടക്കുന്നതല്ലാതെ കച്ചവടമില്ല. അഞ്ചോ ആറോ കാപ്പിയോ ചായയോവിറ്റാലായി എന്നാണ് അവരുടെ അഭിപ്രായം. പരീക്ഷക്കാലവും കൊറോണപ്പേടിയുമാണ് യാത്രക്കാർ ഇങ്ങനെ കുറയാൻ കാരണമെന്ന് പരശുറാം എ.സി മെക്കാനിക്കായ മലപ്പുറം സ്വദേശി കുഞ്ഞുമോൻ പറയുന്നു.
കഴിഞ്ഞ പ്രളയകാലത്തിന് ശേഷം ഇങ്ങനെ ആദ്യമാണെന്ന് ടി.ടി.ഇ കെ.എ രതീഷ് നായർ പറയുന്നു. 73 സീറ്റുള്ള എ.സി കമ്പാർട്മെന്റിൽ 15 പേരും 108 പേർക്ക് യാത്ര ചെയ്യാവുന്ന ഡി റിസർവ്ഡ് കോച്ചിൽ 22 പേരുമാണ് ശരാശരിയുള്ളത്. ലോക്മാന്യ തിലക് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് എന്നിവയും ശൂന്യമാണ്. സാധാരണ പരീക്ഷ സമയമായതിനാൽ മാർച്ചിൽ യാത്രക്കാർ കുറയാറുണ്ട്. എന്നാൽ ഇത്രയും ആള് കുറവ് കൊറോണ ഭീതി കാരണമാണെന്ന് ടി.ടി.ഇ ഗണേഷും പറയുന്നു.
ദീർഘ ദൂര യാത്ര ചെയ്യേണ്ടവർ മാത്രമേ ട്രെയിനിൽ കയറുന്നുള്ളൂ. ചെറിയ ദൂരം യാത്ര ചെയ്യേണ്ടവർ ആരും കയറുന്നില്ലെന്ന് ടി.ടി.ഇ വ്യക്തമാക്കുന്നു.
സാധാരണ ദിവസങ്ങളിൽ 6000 രൂപയുടെ കച്ചവടം നടക്കാറുണ്ടായിരുന്നു ഇന്ന് ഇതുവരെ 500 രൂപക്ക് പോലും കച്ചവടം നടന്നിട്ടില്ല. ഒരു ദിവസം മുഴുവൻ വിറ്റാലും 2000 രൂപ യിൽ കൂടുതൽ കിട്ടുമെന്ന് തോന്നുന്നില്ല എന്ന് പാൻട്രി സർവീസിലെ എം.ഡി നൗഷാദ് മുഹമ്മദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.