കോവിഡ് ബ്രിഗേഡ് ജീവനക്കാരെ പിരിച്ചുവിട്ടു, ഡോക്ടർമാരടക്കം രോഗികൾ; ജോലിഭാരത്തിൽ ആരോഗ്യമേഖല കിതക്കുന്നു
text_fieldsആലപ്പുഴ: രോഗതീവ്രത കുറഞ്ഞെങ്കിലും കൂടുതൽ പേരിലേക്ക് വ്യാപിക്കുന്ന കോവിഡ് മൂന്നാം തരംഗത്തിൽ പ്രതിസന്ധിയായി ഡോക്ടർമാരടക്കം ജീവനക്കാരുടെ ക്ഷാമം.
ആരോഗ്യ വകുപ്പ് ജീവനക്കാരിൽ പലരും കോവിഡ് പിടിപെട്ട് അവധിയിലായതോടെ രോഗബാധിതരുമായി സമ്പർക്കമുണ്ടായിരുന്നവരെപ്പോലും ജോലിക്ക് ഹാജരാകാൻ നിർദേശിക്കുന്ന അവസ്ഥയാണിപ്പോൾ. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും പ്രതിരോധ സംവിധാനത്തിന് കരുത്തായിരുന്ന കോവിഡ് ബ്രിഗേഡിലുണ്ടായിരുന്ന ജീവനക്കാരെ ഏതാനും മാസം മുമ്പാണ് പിരിച്ചുവിട്ടത്. പലർക്കും നൽകാനുള്ള വേതനം പൂർണമായി നൽകിയിട്ടില്ലെന്ന പരാതിയും വ്യാപകമാണ്.
ആദ്യ രണ്ട് തരംഗങ്ങളിലും കോവിഡ് തീവ്രമല്ലാത്തവരെ സി.എഫ്.എൽ.ടി.സികളിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, പലയിടത്തും സി.എഫ്.എൽ.ടി.സികൾ അടച്ചുപൂട്ടി. ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളും മറ്റും നീക്കംചെയ്തതോടെ മൂന്നാംതരംഗത്തെ നേരിടാൻ സൗകര്യമില്ലാതായി.
കോവിഡ് ബാധിതർ നേരിട്ട് മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സ തേടിയെത്താൻ തുടങ്ങിയതോടെ ഡോക്ടർമാരുൾപ്പെടെ ആരോഗ്യ പ്രവർത്തകർ കോവിഡ് ബാധിതരാകുന്ന അവസ്ഥയാണ് സംജാതമായത്.
ആദ്യ രണ്ട് തരംഗകാലത്തും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് മുന്നിട്ടുനിന്നത് പി.ജി വിദ്യാർഥികളായിരുന്നു. എന്നാൽ, അമിതജോലി ചെയ്യിക്കുന്നതിനാൽ പഠിക്കാൻ സമയം ലഭിക്കാതായതോടെ പി.ജി ഡോക്ടർമാർ സമരം ചെയ്ത് ഡ്യൂട്ടിയിൽനിന്ന് മാറിനിൽക്കുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിൽ മൂന്നാം തരംഗത്തിൽ പി.ജി ഡോക്ടർമാരുടെ സേവനം കുറഞ്ഞതായി ഡോക്ടർമാർ പറയുന്നു.
കോവിഡ് മൂന്നാംതരംഗം തീവ്രമാകുമെന്ന് ഐ.സി.എം.ആർ നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കോവിഡ് ബ്രിഗേഡ്, സി.എഫ്.എൽ.ടി.സി തുടങ്ങിയ കാര്യങ്ങളിൽപോലും മുൻകരുതലെടുക്കാതെ ആരോഗ്യവകുപ്പ് വീഴ്ചവരുത്തിയതാണ് പ്രതിരോധ സംവിധാനത്തിൽ അപാകതയുണ്ടാകാൻ കാരണമെന്ന് ആരോഗ്യ വകുപ്പിൽതന്നെ ആരോപണം ഉയർന്നിട്ടുണ്ട്.
ലഭ്യമായ ജീവനക്കാർ അമിതജോലി ചെയ്തിട്ടും ആരോഗ്യസംവിധാനം തളർച്ചയിലേക്ക് നീങ്ങുകയാണ്. മൂന്നാം തരംഗത്തിൽ മരണം കുറവ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലാണ് ചികിത്സ നിഷേധത്തിന്റെ പേരിൽ ജനരോഷം ആളിക്കത്താത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.