പത്തനംതിട്ട ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്നു
text_fieldsപത്തനംതിട്ട: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. എന്നാൽ, ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ ആരോഗ്യ വകുപ്പ് അധികൃതർ തയാറായിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നില്ല. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ജില്ലയിൽ താളംതെറ്റിയ നിലയിലാണ്.
സ്വകാര്യ ആശുപത്രികളിൽ നിരവധിപ്പേരാണ് കോവിഡ് പോസിറ്റിവായി ചികിത്സ നടത്തുന്നത്. ഈമാസം ആദ്യം മുതൽ നിവധി കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഓരാഴ്ചക്കിടെ അമ്പതിലധികം കേസ് പോസിറ്റിവായി. പലരും പരിശോധന നടത്താതെ വീടുകളിൽതന്നെ കഴിയുന്നുണ്ട്. ക്ഷീണമുള്ളവരെയും ശ്വാസതടസ്സമുള്ളവരെയുമാണ് നിലവിൽ പരിശോധനക്ക് അയക്കുന്നത്. കലോത്സവം പോലുള്ള വലിയ ആഘോഷങ്ങൾ കഴിഞ്ഞ രണ്ടാഴ്ച ജില്ലയിൽ നടക്കുകയും ചെയ്തു.
കലോത്സവത്തിനിടെ കുഴഞ്ഞുവീണ അധ്യാപകനെ പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം നവകേരള സദസ്സ് അടക്കം വലിയ പരിപാടികൾ ജില്ലയിൽ നടന്നത്. ഇതോടെ വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് സൂചന. ഇതിനിടെ ഡെങ്കി, എലിപ്പനി രോഗങ്ങളും വ്യാപകമായി.
കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യുമ്പോഴും സൈറ്റിൽ കണക്ക് കാണിക്കാനും അധികൃതർ തയാറല്ല. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആശയകുഴപ്പമാണ്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ജെ.എൻ -1 വ്യാപനമാണ് ഇപ്പോൾ നടക്കുന്നത്. വാക്സിനെടുത്തവരിൽ വൈറസ് അപകടകരമാകില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, പ്രായമായവരിലും മറ്റ് രോഗമുള്ളവരിലും ഗർഭിണികളിലും രോഗം അപകടകരമായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.