ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് കേസുകൾ ഇരട്ടിയായി; ഇന്ത്യയിൽ 2,541 പുതിയ രോഗികൾ
text_fieldsന്യൂഡൽഹി: ആരോഗ്യ വിദഗ്ധർ കോവിഡ് തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് പുതുതായി 15,700 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
11 ആഴ്‌ച കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായതിന് ശേഷം ഏകദേശം മൂന്നാഴ്‌ച മുമ്പാണ് കേസുകൾ കൂടിയത്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യ തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ രോഗികൾ. ആദ്യ ഘട്ടത്തിൽ ഈ സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു കോവിഡ് കേസുകൾ കൂടിയത്.
കഴിഞ്ഞ ആഴ്ച കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, രാജസ്ഥാൻ, പഞ്ചാബ്, കർണാടക എന്നിവയുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ കൂടി കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ ആഴ്ച ഡൽഹിയിൽ 6,300 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ഒരാഴ്ച മുമ്പ് രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയാണിത്. ഒമിക്രോണിന്‍റെ പുതിയ വകഭേദമായ ബി.എ.2.12 കണ്ടെത്തിയതായി ഡൽഹി ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് സാമ്പിളിൽ വ്യതിയാനം കണ്ടെത്തിയത്.
ഒമിക്രോണിന്റെ ബി.എ.2 ഉപവകഭേദം ബി.എ.1നേക്കാൾ കൂടുതൽ വ്യാപനശേഷിയുണ്ടെന്ന് ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. എന്നാൽ ഒമിക്രോൺ വകഭേദത്തിനേക്കാൾ തീവ്രമല്ലാത്തതിനാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചില്ല.
കേസുകൾ വർധിച്ചിട്ടുണ്ടെങ്കിലും മരണങ്ങൾ കുറവാണെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ ആഴ്ച രാജ്യത്ത് 27 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇത് മുൻ ആഴ്‌ചയിലേതിന് സമാനമാണ്.
രാജ്യത്ത് 24 മണിക്കൂറിനിടെ 2,541 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 0.84% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 16,522 ആയി. 44 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡിന് മുന്നിൽ കീഴടങ്ങിയവരുടെ എണ്ണം 5,22,193 ആയി. ഇതുവരെ 187 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.