കോവിഡ് വീണ്ടും കൂടുന്നു; പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം
text_fieldsതിരുവനന്തപുരം: ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴും കോവിഡും കോവിഡ് മരണങ്ങളും പ്രതിദിനം വർധിക്കുന്നു. ഔദ്യോഗിക കണക്ക് പ്രകാരം കോവിഡ് ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 70,000 ലേക്ക് എത്തുകയാണ്. കഴിഞ്ഞ 10 മാസത്തിനിടെ 76 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ ഏറ്റവും കൂടുതൽ കോവിഡ് കേസുകളാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്-4805 പേർക്ക്. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 10 ദിവസത്തിനിടെ 31,652 പേർക്ക് കോവിഡ് ബാധിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം- 978, ആലപ്പുഴ- 985, എറണാകുളം- 985. ചൊവ്വാഴ്ച എറണാകുളത്ത് 1000 കടന്നിരുന്നു. കൊല്ലം- 429, പത്തനംതിട്ട- 304, ഇടുക്കി- 114, കോട്ടയം- 444, തൃശൂർ- 140, പാലക്കാട്- 93, മലപ്പുറം- 63, കോഴിക്കോട്- 185, വയനാട്- 20, കണ്ണൂർ- 50, കാസർകോട്- 15 എന്നിങ്ങനെയാണ് കണക്ക്.
കോവിഡ് വ്യാപിക്കാതിരിക്കാന്‍ എല്ലാവരുടെയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭ്യർഥിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ല. പ്രതിരോധം ശക്തമാക്കാന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കി. ആയിരത്തിനു മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നിർദേശമുണ്ട്. ആശുപത്രികളിലും ഐ.സി.യുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്.
പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്‌സിന്‍ എടുക്കാത്തവരിലുമാണ് രോഗം ഗുരുതരമാകുന്നത്. രോഗലക്ഷണങ്ങളുള്ളവര്‍ കോവിഡ് പരിശോധന നടത്തുകയും വിശ്രമിക്കുകയും വേണം. പ്രായമായവരും മറ്റനുബന്ധ രോഗമുള്ളവരും രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.
കുട്ടികൾക്ക് വേണം പ്രത്യേക ശ്രദ്ധ
തിരുവനന്തപുരം: സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൃത്യമായി മാസ്‌ക് ധരിപ്പിച്ച് മാത്രം സ്‌കൂളില്‍ വിടണം. 12 വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നൽകണം. കുട്ടികളില്‍നിന്ന് പ്രായമുള്ളവരിലേക്കും മറ്റ് അസുഖമുള്ളവരിലേക്കും കോവിഡ് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തുപോയി വീട്ടിലെത്തിയാലുടന്‍ വസ്ത്രങ്ങള്‍ മാറ്റി കുളിച്ചതിനു ശേഷം മാത്രമേ ഇവരുമായി ഇടപെടാവൂ. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.